ചെന്നൈ:  പിറന്നാള്‍ ആഘോഷം വിവാദമായതിനു പിന്നാലെ ക്ഷമ ചോദിച്ച്‌ നടന്‍ വിജയ് സേതുപതി. വാള്‍ ഉപയോഗിച്ച്‌ ജന്മദിന കേക്ക് മുറിച്ചതാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരാന്‍ കാരണമായത്. ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി. മൂന്ന് ദിവസം മുന്‍പുള്ള ജന്മദിനാഘോഷത്തിന്റെ ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. സംവിധായകന്‍ പൊന്റാമിന്റെ പുതിയ ചിത്രത്തിലാണ് താന്‍ ഇപ്പോള്‍ അഭിനയിക്കുന്നതെന്നും നടന്‍ പറഞ്ഞു.

ചിത്രത്തിന്റെ സെറ്റിലായിരുന്നു ആഘോഷം. ആ സിനിമയില്‍ വാളിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് വാള്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ചത്. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനി കൂടുതല്‍ സൂക്ഷ്മത കാണിക്കും. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും തന്റെ പ്രവൃത്തിയില്‍ ഖേദിക്കുന്നുവെന്നും നടന്‍ പറഞ്ഞു.