തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ 2012-15 കാലത്ത് നൂറ് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ വ്യക്തമാക്കിയ അന്നത്തെ അക്കൗണ്ട്‌സ് മാനേജര്‍ ശ്രീകുമാറിനെതിരെ അച്ചടക്ക നടപടി.

നിലവില്‍ കെ.എസ്.ആര്‍.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടറായ ഇദ്ദേഹത്തെ എറണാകുളത്തേക്കാണ് സ്ഥലംമാറ്റിയത്. ക്രമക്കേടില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ടാമത്തെയാള്‍ മറ്റൊരു എക്സിക്യൂട്ടീവ് ഡയറക്ടറായ ഷറഫാണ്.

കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ പ്രതിസന്ധിയാണെന്നും ടിക്കറ്റ് മെഷീനിലും വര്‍ക്ഷോപ്പ് സാമഗ്രികള്‍ വാങ്ങുന്നതിലും വെട്ടിപ്പ് നടത്തിയെന്നും സി.എന്‍.ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ നേരത്തെ അറിയിച്ചിരുന്നു. ബിജു പ്രഭാകറിന്റെ പ്രസ്താവനയ്ക്കെതിരെ വലത് ഇടത് ട്രേഡ് യൂണിയന്‍ സംഘടനകളായ ഐ.എന്‍.ടി.യു.സിയും സി.ഐ.ടി.യുവും പ്രതിഷേധിച്ചു.

തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിക്കാനാണ് എം.ഡിയുടെ ശ്രമമെന്ന് സി.ഐ.ടി.യു അഭിപ്രായപ്പെട്ടു. അനുചിതമായ പ്രസ്താവനയാണ് എം.ഡിയുടേതെന്ന് എളമരം കരീം അഭിപ്രായപ്പെട്ടു.

ഐ.എന്‍.ടി.യു.സിയുടെ സംഘടനയായ ടിഡിഎഫ് തമ്പാനൂര്‍ ബസ്സ്റ്റാന്റില്‍ നിന്ന് ട്രാന്‍സ്പോര്‍ട്ട് ഭവനിലേക്ക് ബിജു പ്രഭാകറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. കെ.എസ്.ആര്‍.ടി.സിയുടെ ആസ്ഥാനം അടക്കം വിറ്റവരാണ് തൊഴിലാളികളെ കുറ്റംപറയുന്നതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.