മുംബൈ: റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനിയെ കബളിപ്പിച്ച്‌​ കടന്നയാള്‍ക്കെതിരെ ഇ.ഡി അന്വേഷണം. കല്‍പേഷ്​ ദാഫ്​ത്രി എന്നയാള്‍ക്കെതിരെയാണ്​ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത്​. ദാഫ്​ത്രിയുടെ ഉടമസ്ഥതയിലുള്ള സങ്കല്‍പ്​ ക്രിയേഷന്‍സ്​ എന്ന കമ്ബനിയുടെ 4.87 കോടി രൂപ വരുന്ന സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്​.

മുംബൈയിലെ വാണിജ്യ കെട്ടിടവും രാജ്​കോട്ടിലെ നാല്​ കെട്ടിടങ്ങളുമാണ്​ ഇ.ഡി കണ്ടുകെട്ടിയത്​. പി.എം.എല്‍.എ നിയമപ്രകാരം സി.ബി.ഐ രജിസ്റ്റര്‍ ചെയ്​ത കേസിലാണ്​ ഇപ്പോള്‍ ഇ.ഡിയും അന്വേഷണം നടത്തുന്നത്​. വിശേഷ്​ കൃഷി ആന്‍ഡ്​ ഗ്രാം ഉദ്യോഗ്​ യോജന പ്രകാരം അനുവദിച്ച 13 ലൈസന്‍സുകളുടെ ഇടപാടുമായി ബന്ധപ്പെട്ടാണ്​ തട്ടിപ്പ്​ നടന്നത്​. ഈ 13 ലൈസന്‍സുകള്‍ ഹിന്ദുസ്ഥാന്‍ കോണ്ടിനന്‍റല്‍ ലിമിറ്റഡ്​ എന്ന കമ്ബനിയുടെ പേരിലായിരുന്നു.

6.8 കോടി രൂപക്ക്​ ലൈസന്‍സുകള്‍ അംബാനിയുടെ റിലയന്‍സ്​ ഇന്‍ഡസ്​ട്രീസിന്​ നല്‍കാമെന്ന്​ ദാഫ്​ത്രി അറിയിച്ചു. എന്നാല്‍, ഇതേ ലൈസന്‍സുകള്‍ മറ്റ്​ നിരവധി പേര്‍ക്ക്​ ഇതിന്​ മുമ്ബ്​ തന്നെ വിറ്റതായി പിന്നീട്​ കണ്ടെത്തിയതോടെയാണ്​ തട്ടിപ്പ്​ പുറത്തായത്​. അഹമ്മദ്​, പിയുഷ്​,വിജയ്​ ഗാദിയ എന്നിവരും കേസില്‍ പ്രതികളാണ്​.