ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ നടപടികള്‍ക്ക് രാജ്യത്ത് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്‌സിനേഷന്‍ വിതരണം ഉദ്ഘാടനം ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. ഡല്‍ഹി എയിംസിലെ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറാണ് ആദ്യമായി രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു മനീഷ് കുമാര്‍ വാക്‌സിന്‍ സ്വീകരിച്ചത്. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും വാക്‌സിന്‍ സ്വീകരിച്ചു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. രാജ്യത്തെ 3,006 കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണം നടക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികളും നേരിട്ട പ്രയാസങ്ങളെക്കുറിച്ചും ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. ഏറ്റവും ചെലവ് കുറഞ്ഞതും മികച്ച ഗുണനിലവാരമുള്ളതുമാണ് ഇന്ത്യന്‍ വാക്‌സിന്‍ എന്നും അദ്ദേഹം പറഞ്ഞു.