തിരുവനന്തപുരം: മദ്യം വാങ്ങുന്നതിനായി ബിവറേജസ്​ കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയ ടോക്കണ്‍ സ​​മ്ബ്രദായം നിര്‍ത്തലാക്കി. ഇതിന്‍റെ ഭാഗമായി ബെവ്ക്യു ആപിന്‍റെ സേവനം നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

നേരത്തെ സംസ്ഥാനത്ത്​ ബാറുകള്‍ തുറന്നിരുന്നു. ഇതേ തുടര്‍ന്ന്​ ബെവ്​ ക്യൂ ആപും ഒഴിവാക്കണമെന്ന്​ ആവശ്യമുയര്‍ന്നിരുന്നു. കോവിഡിന്‍റെ പശ്​ചാത്തലത്തില്‍ 2020 മെയ്​ 28നായിരുന്നു ബെവ്​ ക്യൂ ആപ്​ നിലവില്‍ വന്നത്​.

ആപിന്‍റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട്​ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ ബെവ്​ ക്യൂവുമായി മുന്നോട്ട്​ പോവുകയായിരുന്നു. തുടര്‍ന്ന്​ ആപിലൂടെ ബാറുകള്‍ക്കാണ്​ കൂടുതല്‍ ടോക്കണുകള്‍ നല്‍കുന്നതെന്ന്​ ബിവറേജസ്​ കോര്‍പ്പറേഷന്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍, ആപ്​ പിന്‍വലിക്കാന്‍ അന്നും സര്‍ക്കാര്‍ തയാറായില്ല.