ലഡാക്കില്‍ അതിര്‍ത്തികടന്ന് ഇന്ത്യയില്‍ പ്രവേശിച്ച ചൈനീസ് സൈനികനെ പിടികൂടിയതായി ഇന്ത്യ. വഴി തെറ്റി അതിര്‍ത്തി കടന്നതായി തിരിച്ചറിഞ്ഞതിനാല്‍ അദ്ദേഹത്തെ പിന്നീട് വിട്ടയച്ചുവെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.

കോര്‍പോറല്‍ വാങ് യാ ലോങ് എന്ന് പേരുള്ള സൈനികനെയാണ് ചുമാര്‍-ഡെംചോക്ക് പ്രദേശത്തുനിന്ന് പിടികൂടി തിരിച്ചയച്ചതെന്ന് തിങ്കളാഴ്ച ഇന്ത്യ അറിയിച്ചത്.

‘നിയമ പ്രകാരമുള്ള എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് ചൈനീസ് പട്ടാളക്കാരനെ തിരിച്ചയച്ചു’-പ്രസ്താവനയിലൂടെ ഇന്ത്യന്‍ സൈന്യം അറിയിച്ചു.

സൈനികന് എല്ലാവിധ വൈദ്യസഹായവും നല്‍കിയിരുന്നതായും ഇന്ത്യ വ്യക്തമാക്കി. ഓക്‌സിജന്‍, ഭക്ഷണം, ചൂടുവസ്ത്രം എന്നിവയെല്ലാം ഇന്ത്യന്‍ സൈന്യം അദ്ദേഹത്തിന് നല്‍കി. പ്രദേശത്തെ മോശം കാലാവസ്ഥയില്‍ അതിജീവനം സാധ്യമാകുന്നതിനായിരുന്നു ഇത് എന്നും സൈന്യം അറിയിച്ചു.

സൈനികനെ കാണാതായത് സംബന്ധിച്ച്‌ ചൈനയില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. അതിന് ശേഷമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തെ ചുഷുള്‍-മോല്‍ഡോ മീറ്റിങ് പോയിന്റില്‍വെച്ച്‌ കൈമാറിയത്.