ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടിലെ പ്രശസ്തമായ ഒരു ആഡിറ്റോറിയത്തില്‍ കാര്‍ത്തിക് - സുവലക്ഷ്മി ചിത്രം ഗോകുലത്തില്‍ സീതൈയുടെ ഷൂട്ടിംഗ് നടക്കുന്നു. ഒരുകൂട്ടം ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരുടെ നേരെ കാമറ എത്തിയപ്പോള്‍ അതില്‍ ഒരു ഇരുപതുകാരന് ഉണ്ടായിരുന്നു. കാമറയില്‍ മുഖം പതിക്കാനായി ആ ചെറുപ്പക്കാരന് ശ്രമിച്ചെങ്കിലും അവനെ ആരോ ഫ്രെയിമില്‍ നിന്ന് തള്ളിമാറ്റി. അന്ന് പിന്തള്ളപ്പെട്ട ആ പയ്യന് പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ മക്കള്‍ സെല്‍വനായി മാറി.ചെറിയ കാലയളവ് കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ് വിജയ്സേതുപതി.
സിനിമയോടുള്ള സ്നേഹവും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് വിജയ്സേതുപതി എന്ന നടനെ മക്കള്‍ സെല്വന് എന്ന പദവിയിലേക്ക് എത്തിപ്പിച്ചത്. താന്‍ കടന്നുവന്ന വഴികളത്രയും കല്ലും മുള്ളും നിറഞ്ഞതായിട്ടും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ആ യാത്ര വിജയ്സേതുപതിയെ രജനികാന്തും കമല്‍ഹാസനും സൂര്യയും വിജയ് യും അജിത്തും അടക്കി വാഴുന്ന തമിഴ് സിനിമലോകത്ത് എത്തിച്ചു. അവിടെസ്വന്തം സിംഹാസനം കണ്ടെത്തിയിട്ടും വിനയം കൈമുതലായ വിജയ്സേതുപതി തമിഴ് മക്കളുടെ മാത്രമല്ല മലയാളികളുടെയും പ്രിയപ്പെട്ട നടനാണ്.
1978 ജനുവരി 16 നു മധുരയില്‍ വിജയ ഗുരുനാഥസേതുപതിയായി ജനിച്ച വിജയ്സേതുപതിയുടെ സ്കൂള്‍ ജീവിതം ചെന്നൈയിലായിരുന്നു. പഠനശേഷം പലജോലികളിലും ഏര്‍പ്പെട്ടിരുന്നെങ്കിലും എപ്പോഴോ മനസ്സില്‍ കുടുങ്ങിയ സിനിമയെ കൂടുതല്‍ചേര്‍ത്തുപിടിച്ചു. സിനിമയോടുള്ള അതിയായ ആഗ്രഹം തന്നെയായിരുന്നു കൂത്ത്പട്ടറയ് എന്ന നാടക ട്രൂപ്പില്‍ നിറസാന്നിധ്യമായത്. സിനിമ സ്വപ്നം കണ്ട് അരങ്ങില്‍ തകര്‍ത്തു. സിനിമയിലേക്കുള്ള ദൂരം കുറച്ചു. ടെലി സീരിയലുകളില്‍ അഭിനയിച്ചുകൊണ്ട് കാമറയ്ക്ക് മുന്നിലെത്തി. സീരിയലുകളിലും ഷോര്‍ട്ഫിലിമുകളിലും അഭിനയിച്ചു.
പത്തോളം സിനിമകളില്‍ നായകന്റ സുഹൃത്തായും വഴിയില്‍ കൂടെ നടക്കുന്ന ആളായുമൊക്കെ മുഖം കാണിച്ചു.പേരില്ലാത്ത കഥാപാത്രം ചെയ്യുമ്ബോഴും വിജയ്സേതുപതി ഒരിക്കല്‍പോലും തളര്‍ന്നില്ല. 2010 ല്‍ തേന്‍മേര്‍ക്ക് പരുവകാറ്റ് എന്ന സിനിമയില്‍ വിജയ്സേതുപതി നായക മുഖമായി. സുന്ദരപാണ്ഡ്യന്‍, പിസ്സ,നടുവിലെ കൊഞ്ചം പക്കത്തെ കാണോം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ വിജയ് സേതുപതി താരപദവിയിലേക്ക് ഉയര്‍ന്നു.സൂത് കാവും ,ഇതര്‍ക്ക് താനേ ആസപ്പട്ടായ് ബാലകുമാരാ,പണ്ണിയാരും പദ്മിനിയും, ജിഗര്‍ത്തണ്ട, ഓറഞ്ച് മിട്ടായി, നാനും റൗഡി താന്‍,സേതുപതി, കാതലും കടന്ത്പോകും,വിക്രംവേദ തുടങ്ങി ഏറ്റവുമൊടുവില്‍ ഇറങ്ങിയ വിജയ് ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിലും വിജയ്സേതുപതിയുടെ അഭിനയം പ്രകടനം പ്രേക്ഷകര്‍ കണ്ടു.
ആക്ഷനുംകോമഡിയും തുടങ്ങി എല്ലാ ഇമോഷന് സീനുകളിലും അദ്ദേഹം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. പുതുമയുള്ള തിരക്കഥയുമായി വരുന്ന പുതുമുഖ സംവിധായകര്‍ക്ക് വിജയ്സേതുപതിഡേറ്റ് കൊടുത്ത് അവരുടെ വളര്‍ച്ചയ്ക്ക് പങ്കാളിയായി. സിനിമയ്ക്കപ്പുറത്ത് തന്റെ നിലപാടുകള്‍ ഉറക്കെ വിളിച്ചു പറയാന്‍ മടിയില്ലാത്ത നടനുംകൂടിയാണ് വിജയ്സേതുപതി. ’’ഓരോവോട്ടും ഓരോരുത്തരുടെ അവകാശമാണെന്നും. ജാതിചോദിച്ചുവോട്ട് ചോദിക്കുന്നവര്‍ക്ക് വോട്ട് കൊടുക്കരുതെന്ന് “” വിജയ്സേതുപതി പൊതുവേദിയില്‍ പറഞ്ഞത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.കേരളക്കരയ്ക്ക് വിജയ്സേതുപതി മരുമകന് കൂടിയാണ്. അദ്ദേഹത്തിന്റെ പ്രിയ പാതി ജെസ്സി കൊല്ലംകാരിയാണ്. മലയാളത്തില്‍ ജയറാമിനൊപ്പം മാര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തിയാണ് അദ്ദേഹം മലയാള സിനിമയില്‍ ഹരിശ്രീ കുറിച്ചത്. 96 എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരരായി.നവാഗത സംവിധായിക ഇന്ദു വി .എസ് ഒരുക്കുന്ന 19 ( 1) ( എ) എന്ന ചിത്രത്തില്‍ നായകവേഷത്തില്‍ വിജയ്സേതുപതി എത്തുന്നുണ്ട്. നിത്യമേനോനാണ് വിജയ്സേതുപതിയുടെ നായികയായി എത്തുന്നത്. ആ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ മലയാളി ആരാധികമാര്‍.