തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലെ അഴിച്ചുപണി സംബന്ധിച്ച് മറ്റന്നാള്‍ തീരുമാനമുണ്ടാകും. ഹൈക്കമാന്‍ഡും കേരളാ നേതാക്കളും തമ്മില്‍ മറ്റന്നാള്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകളാണ് നടക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന പദവിയിലും ഡി സി സി പു:നസംഘടനയിലുമാണ് തീരുമാനം പ്രതീക്ഷിക്കുന്നത്.
തദ്ദേശതോല്‍വിക്ക് ശേഷമുളള അഴിച്ചുപണിയെ കുറിച്ചുളള ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്കെത്തിക്കണമെന്ന ആവശ്യമായിരുന്നു ഏറ്റവും ശക്തം. സംസ്ഥാനത്തെത്തിയ എ ഐ സി സി പ്രതിനിധികളോട് ഘടകകക്ഷികളും ഇക്കാര്യം ഉന്നയിച്ചു.കൂട്ടായ നേതൃത്വമാകും നിയമസഭാ തിരഞ്ഞെടുപ്പിനെ നയിക്കുക എന്ന് ഹൈക്കമാന്‍ഡ് പറയുമ്ബോഴും ഉമ്മന്‍ചാണ്ടിയുടെ പദവിയില്‍ തീരുമാനമായില്ല.
ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനാക്കണമെന്ന നിര്‍ദ്ദേശമാണ് കൂടുതല്‍ സജീവമായി ഉയരുന്നത്. അതിനുമപ്പുറം പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമായി ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം എന്ന ഫോര്‍മുലയെകുറിച്ചും ആലോചനകളുമുണ്ട്.അത്തരമൊരു ധാരണക്ക് ഹൈക്കമാന്‍ഡ് തയ്യാറാകുമോ എന്ന് വ്യക്തമല്ല. ധാരണ വഴി ഗ്രൂപ്പ് പോര് കുറയ്‌ക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ധാരണ തന്നെ ഗ്രൂപ്പുകളിലെ ഭിന്നത കൂട്ടുമെന്ന അഭിപ്രായമുളളവരും നേതൃത്വത്തിലുണ്ട്.
കനത്ത തോല്‍വിയുണ്ടായിട്ടും എ ഐ സി സി നിര്‍ദ്ദേശിച്ചിട്ടും ഡി സി സി പുന:സംഘടനകള്‍ക്ക് എ -ഐ ഗ്രൂപ്പുകള്‍ വിമുഖത കാണിക്കുകയാണ്. നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചതോടെ മാറ്റേണ്ട ഡി സി സി പ്രസിഡന്റുമാരുടെ സാദ്ധ്യത പട്ടിക ചര്‍ച്ചയിലേക്ക് കെ പി സി സി കടന്നു. തിരുവനന്തപുരം. കൊല്ലം ,പത്തനംതിട്ട, കോട്ടയും, എറണാകുളം. പാലക്കാട് ,വയനാട് ഡി സി സികളില്‍ മാറ്റം ഉറപ്പാണ്. അതിനപ്പുറം എ ഐ സി സി നിര്‍ദ്ദേശിക്കുമോ എന്നുളളതാണ് അറിയേണ്ടത്. കേരള നേതാക്കള്‍ സാദ്ധ്യതാപട്ടിക നല്‍കിയാലും സംസ്ഥാന ചുമതലയുളള എ ഐ സി സി പ്രതിനിധകളുടെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താകും അന്തിമതീരുമാനം