ബ്രിസ്‌ബന്‍: ഗബ്ബ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 369 റണ്‍സിന് പുറത്ത്. 274/5 എന്ന നിലയില്‍ രണ്ടാം ദിനം കളി പുനഃരാരംഭിച്ച ഓസീസിന് 95 റണ്‍സിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി.
രണ്ടാം ദിനമായ ഇന്ന് ടിം പെയ്‌ന്‍ (50), കാമറോണ്‍ ഗ്രീന്‍ (47), പാറ്റ് കമ്മിന്‍സ് (2), നഥാന്‍ ലിന്‍ (24), ജോ ഹെയ്‌സല്‍വുഡ് (11) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് ഇന്ന് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക് 20 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്സില്‍ മാര്‍നസ് ലാബുഷെയ്ന്‍ സെഞ്ചുറി നേടിയതാണ് ഓസ്‌ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്. 204 പന്തില്‍ ഒന്‍പത് ഫോര്‍ സഹിതം മാര്‍നസ് ലാബുഷെയ്‌ന്‍ 108 റണ്‍സ് നേടി. മാത്യു വെയ്‌ഡ് (45), സ്റ്റീവ് സ്‌മിത്ത് (36) എന്നിവരും ഓസ്‌ട്രേലിയക്കായി ഭേദപ്പെട്ട പ്രകടനം നടത്തി.
പരിചയ സമ്പത്ത് ഒട്ടുമില്ലാത്ത ഇന്ത്യന്‍ ബൗളിങ് നിര ഓസീസിനെ പ്രതിരോധിക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചു. അരങ്ങേറ്റ ടെസ്റ്റ് കളിച്ച വാഷിങ്ടണ്‍ സുന്ദര്‍, ടി. നടരാജന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ശര്‍ദുല്‍ താക്കൂറും മൂന്ന് വിക്കറ്റ് നേടി. മൊഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി.
പരുക്കിന്റെ കെണിയിലാണ് ടീം ഇന്ത്യ. ഇതുവരെ മികച്ച പ്രകടനം നടത്തിയ ആര്‍.അശ്വിന്‍, ജസ്‌പ്രീത് ബുംറ എന്നിവര്‍ നാലാം ടെസ്റ്റില്‍ കളിക്കുന്നില്ല. അശ്വിന് പകരം വാഷിങ്‌ടണ്‍ സുന്ദര്‍ ടീമില്‍ ഇടം നേടി. ഷാര്‍ദുല്‍ താക്കൂറും ടി.നടരാജനും പേസ് നിരയിലേക്കും എത്തി. ഹനുമ വിഹാരിക്ക് പകരം മായങ്ക് അഗര്‍വാള്‍ ബാറ്റിങ് നിരയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, നവ്‌ദീപ് സൈനി, മുഹമ്മദ് സിറാജ്, ടി.നടരാജന്‍