കോട്ടയം: ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ച കോടിമതപാലം ഇതുവരെയും പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചു യുവമോര്‍ച്ച കോടിമത പാലത്തിനു മുകളില്‍ കയറി ധര്‍ണ നടത്തി. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നിത്യസ്മാരകമായി നില്‍ക്കുന്ന കോടിമത പാലം പണിയുടെ പിന്നിലെ അഴിമതികള്‍ പുറത്തു കൊണ്ടുവരണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. പ്രമുഖ വെബ്ടിവി മലയാളം ടുഡേയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് യുവമോര്‍ച്ച പ്രശ്‌നത്തില്‍ ഇടപെട്ടത്.

പൊതുജനത്തിന്റെ അഞ്ചേമുക്കാല്‍കോടി രൂപയാണ് കോട്ടയം എംഎല്‍എ ധൂര്‍ത്തടിച്ചു കളഞ്ഞതെന്നും രണ്ടരലക്ഷം പേര്‍ക്ക് വീട് നല്‍കി എന്ന് വീമ്പു പറയുന്ന പിണറായി സര്‍ക്കാരിനും, ആയിരം പേര്‍ക്ക് വീട് നല്‍കും എന്ന് പറയുന്ന കോണ്‍ഗ്രസ്സുകാര്‍ക്കും പാലം പണിക്കു തടസമായി നില്‍ക്കുന്ന നിര്‍ധനരായ രണ്ടു കുടുംബങ്ങള്‍ക്ക് വീട് നല്‍കാന്‍ കഴിയുന്നില്ല എന്നത് അങ്ങേയറ്റം അപലപനീയമാണെന്നും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍ ആരോപിച്ചു.

കോടിമതപാലം പണിയുടെ അഴിമതികള്‍ പുറത്തു കൊണ്ടുവരുന്നതിനായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച 5 മണിക്ക് കോടിമത പാലത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍ ഉദ്ഘടാനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ബിജെപി മധ്യമേഖലാ ജനറല്‍ സെക്രട്ടറി ടിഎന്‍ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെപി ഭുവനേഷ്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സിഎന്‍ സുഭാഷ്, യുവമോര്‍ച്ച നേതാക്കളായ ബിനു കോട്ടയം, അരവിന്ദ് ശങ്കര്‍, പ്രമോദ് സോമന്‍, ശ്രീകുമാര്‍ എംകെ, വിനോദ് കാരാപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.