പാരീസ് : സൂപ്പര്‍ സ്പ്രെഡ് കോവിഡിന്റെ അതിവേഗ വ്യാപനവും മരണവും, രാജ്യങ്ങള്‍ വീണ്ടും കര്‍ഫ്യൂവിലേയ്ക്ക്. കോവിഡ് വ്യാപനം തടയുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിനായി ഫ്രാന്‍സില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. ആറു മണിയ്ക്ക് ശേഷം ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഇക്കാര്യം നിരീക്ഷിക്കുന്നതിനായി പൊലീസിന്റെ കര്‍ശന പരിശോധനയുണ്ട്.

ആറു മണിയ്ക്ക് ശേഷം പുറത്തിറങ്ങുന്നതിന് പൊലീസിനെ വ്യക്തമായ കാരണം ബോധിപ്പിക്കണം. നിയന്ത്രണം വീണ്ടും ദീര്‍ഘിപ്പിച്ചുകൊണ്ട് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് ഉത്തരവ് പുറപ്പെടുവിച്ചു. കമ്ബനികളും വ്യാപാരസ്ഥാപനങ്ങളും നാലരയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. 90 മിനുട്ടിനകം തൊഴിലാളികള്‍ വീട്ടില്‍ കയറണമെന്നാണ് നിര്‍ദേശം.

കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഫ്രാന്‍സില്‍ 69,000 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. വീണ്ടും ജനിതക വകഭേദം വന്ന കോവിഡ് രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഫ്രാന്‍സിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ക്ക് പുറമെ, ബെല്‍ജിയം, ജെര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലും വൈകീട്ട് ആറു മുതല്‍ രാവിലെ ആറുവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം ഇറ്റലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ രാത്രി 10 മുതല്‍ രാവിലെ ആറു വരെയും ഹംഗറി രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്.