തിരുവനന്തപുരം∙ എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ് ഉണ്ടെന്ന് ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ആദ്യ നൂറുദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ലാപ്ടോപ്പ് പദ്ധതി കൂടുതൽ വിപുലവും ഉദാരവുമാക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ അന്ത്യോദയ വീടുകള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‍ടോപ്പ് നല്‍കും. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്സിഡിയുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് ഇതിനുളള ചെലവ് വഹിക്കുക.

സബ്സിഡി കഴിഞ്ഞുള്ള തുക മൂന്നുവര്‍ഷം കൊണ്ട് കെഎസ്എഫ്ഇ ചിട്ടി വഴി തിരിച്ചടച്ചാല്‍ മതി. കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് മാര്‍ച്ച്–ഏപ്രില്‍ മാസങ്ങളില്‍‍ ലാപ്ടോപ്പ് ലഭ്യമാക്കും. ഇതിനു വേണ്ടി വരുന്ന പലിശ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.