മേരിലാന്‍ഡ്: മേരിലാന്റില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ അധ്യാപിക ഹേമലത ഭാസ്‌കരന് സയന്‍സ്, മാത്തമാറ്റിക്‌സ്, എന്‍ജിനീയറിംഗ് എന്നീ വിഭാഗത്തില്‍ പ്രസിഡന്‍ഷ്യല്‍ എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ചു. സലിസ്ബറി ജെയിംസ് എം ബെനറ്റ് ഹൈസ്‌കൂളില്‍ 2004 മുതല്‍ ബയോളജി, കെമിസ്ട്രി, എന്‍വയണ്‍മെന്റല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ അധ്യാപികയാണ് ഹേമലത.

പാരിസ്ഥിതിക വിഷയങ്ങളില്‍ വിവിധ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ഗവേഷണങ്ങള്‍ യൂത്ത് എന്‍വയണ്‍മെന്റല്‍ ആല്‍സന്‍ സമ്മിറ്റില്‍ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിലും ഹേമലത പ്രത്യേകം താത്പര്യം എടുത്തിരുന്നു.

ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍വയണ്‍മെന്റല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും, ഈസ്റ്റേണ്‍ ഷോര്‍ മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎടിയും കരസ്ഥമാക്കിയിരുന്നു. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ പന്ത്രണ്ടാം ഗ്രേഡുവരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന മാത്തമാറ്റിക്‌സ്, സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകര്‍ക്കായി 1983-ലാണ് പ്രസിഡന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ് സ്ഥാപിച്ചത്. അമേരിക്കയിലെ അമ്ബത് സംസ്ഥാനങ്ങളില്‍ നിന്നുള്ള അധ്യാപകരെയാണ് ഈ അവാര്‍ഡിനായി പ്രത്യേക പാനല്‍ ഇന്റര്‍വ്യൂ ചെയ്യുന്നത്.

അവാര്‍ഡ് ലഭിച്ചതില്‍ ഞാന്‍ തികച്ചും വിനയാന്വിതയാകുകയും അഭിമാനിക്കുകയും ചെയ്യുന്നതായി ഹേമലത പ്രതികരിച്ചു