തിരുവനന്തപുരം∙ കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നമായ തൊഴിൽ മേഖലയെ സ്പർശിക്കാൻ മന്ത്രി ബജറ്റിൽ ശ്രമിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞാണ് മന്ത്രി ബജറ്റ് തുടങ്ങിയിരിക്കുന്നതു തന്നെ. അതിൽ മൂന്നു ലക്ഷം അഭ്യസ്തവിദ്യർക്കും അഞ്ചുലക്ഷം മറ്റുള്ളവർക്കും എന്നാണ് പറയുന്നത്. ഇത് ഏതെല്ലാം രീതിയിൽ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തുടർന്ന് ലഭ്യമാകേണ്ടതുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവുമുണ്ട്.

വർക്സ്റ്റേഷൻ എന്ന നൂതന സംവിധാനം

വർക്സ്റ്റേഷൻ സൗകര്യങ്ങൾ ഉണ്ടാക്കുമെന്നും 20 കോടി അതിനായി മാറ്റിവയ്ക്കുന്നു എന്നും മന്ത്രി ബജറ്റിൽ പറയുന്നത് തൊഴിൽ മേഖലയുമായി തന്നെ ചേർത്തു വായിക്കണം. തികച്ചും പുതുമയുള്ള ഒരു ആശയമായാണ് ഇതിനെ കാണേണ്ടത്. വർക് ഫ്രം ഹോം ചെയ്യുന്നവർക്ക് അടുത്തായി ഓഫിസ് സൗകര്യമുണ്ടാകത്തക്ക രീതിയിലുള്ള സ്ഥലം എന്നായിരിക്കണം മന്ത്രി കണ്ടിരിക്കുന്നത്. ഇവിടെ പശ്ചാത്തല സൗകര്യം ഒരുക്കപ്പെടുന്നു, മറുവശത്ത് സൗകര്യങ്ങൾ ഉപയോഗിക്കുന്നവർക്ക് സുഗമമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു.

അവിദഗ്ധ തൊഴിലാളികൾക്കുള്ള പരിശീലന പരിപാടികളാണ് ഒരു പ്രഖ്യാപനം. ഇത് ഒരു മികച്ച നീക്കമായി വേണം വിലയിരുത്താൻ. 50 ലക്ഷം വരുന്ന അവിദഗ്ധ തൊഴിലാളികളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പറയുന്നു. അവിദഗ്ധ തൊഴിലാളികൾക്ക് പരിശീലനം നൽകിയാൽ മാത്രമേ തൊഴിലില്ലായ്മയ്ക്ക് പരിഹാരമുണ്ടാകുകയുള്ളൂ എന്ന വസ്തുത തിരിച്ചറിഞ്ഞുള്ള പ്രഖ്യാപനമാണിത്. തൊഴിലില്ലായ്മ നേരിടുന്നതിൽ നല്ലൊരു പങ്കും തൊഴിൽ വൈദഗ്ധ്യങ്ങൾ നേടിയിട്ടില്ലാത്തവരാണ് എന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ മേഖലയ്ക്കും നേട്ടം

യൂണിവേഴ്സിറ്റികളിൽ അധ്യാപക ഒഴിവുകൾ നികത്തുമെന്നു ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഒഴിഞ്ഞു കിടക്കുന്ന 855 പോസ്റ്റുകൾ നികത്തുമെന്നതും 150 ഒഴിവുകൾ സൃഷ്ടിക്കുമെന്നു പറയുന്നതും വിദ്യാഭ്യാസ മേഖലയ്ക്കു നേട്ടമാകും. പ്രൈമറി തലത്തിൽ ലഭിച്ചിട്ടുള്ള നേട്ടം നിലനിർത്താനും ഉന്നത വിദ്യാഭ്യാസത്തിന്റെ പോരായ്മകൾ മനസിലാക്കിയിട്ടുള്ള നിർദേശങ്ങൾ കടന്നു വന്നിട്ടുണ്ടെന്നും കാണാം.