തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വലിയ തിരിച്ചടി നേരിട്ട ടൂറിസം മേഖലയെ രക്ഷപ്പെടുത്താന്‍ നിരവധി പദ്ധതികളാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2021-22ല്‍ ടൂറിസം മേഖല സാധാരണനിലയിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണു മന്ത്രി. ഈയൊരു ലക്ഷ്യം വച്ചുകൊണ്ട് നടപ്പുവര്‍ഷത്തില്‍ തന്നെ ഊർജിത മാര്‍ക്കറ്റിങ് ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇതിനായി എക്കാലത്തെയും ഉയര്‍ന്ന തുകയായ 100 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.

മൂന്നാര്‍ പട്ടണത്തിന്റെ തുടക്കം മുതല്‍ ട്രെയിനിനും ഒരു സ്ഥാനമുണ്ടായിരുന്നു എന്നു ചൂണ്ടിക്കാട്ടിയ മന്ത്രി വിനോദസഞ്ചാര കൗതുകത്തിനായി ട്രെയിന്‍ യാത്ര പുനരുജ്ജീവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനായി ടാറ്റ എസ്റ്റേറ്റുമായി ചര്‍ച്ച ചെയ്യുകയും ഭൂമി വിട്ടുതരാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കുന്നു.

നിലവിലുള്ള ടൂറിസം ഡെസ്റ്റിനേഷനുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി 117 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമെ, ടൂറിസം ഗസ്റ്റു ഹൗസുകളുടെ നവീകരണത്തിനു വേണ്ടി 25 കോടി രൂപയും സ്വകാര്യമേഖലയിലെ പൈതൃക വാസ്തു ശില്‍പ സംരക്ഷണത്തിനും നൂതന ടൂറിസം ഉല്‍പന്നങ്ങള്‍ക്കും വേണ്ടി 13 കോടി രൂപ യും വകയിരുത്തിയിട്ടുണ്ട്. ടൂറിസം ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്കും കെടിഡിസിയ്ക്കും 10 കോടി രൂപ വീതം അനുവദിക്കുകയും ചെയ്തു.

കോവിഡു മൂലം മുടങ്ങിയ ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2021-22ല്‍ പുനരാരംഭിക്കാനും ഉദ്ദേശിക്കുന്നു. 20 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്. എക്കോ ടൂറിസം അടക്കം നൂതന ടൂറിസം ഉല്‍പന്നങ്ങളുടെ പ്രോത്സാഹനത്തിനായി 3 കോടി രൂപ അനുവദിച്ചു. കൊച്ചി ബിനാലെയ്ക്ക് 7 കോടി രൂപയും കൊച്ചി ബിനാലെയുടെ ആലപ്പുഴ ആഗോള ചിത്രപ്രദര്‍ശനത്തിന് 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മറ്റു സാംസ്‌ക്കാരിക മേളകള്‍ക്കുവേണ്ടി 10 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.