ഭരത്പുര്‍ : രാജസ്ഥാനിലെ വിഷമദ്യ ദുരന്തത്തില്‍ ഏഴ് പേര്‍ മരിച്ചു . അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു . സംസ്ഥാനത്തെ ഭരത്പുര്‍ മേഖലയിലാണ് ദുരന്തം . വ്യാജമദ്യം കുടിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മൂന്ന് പേര്‍ കൂടി മരിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോവുകുന്നുണ്ട് .

വ്യാജമദ്യ നിര്‍മ്മാണവും ഉത്പ്പാദനവും കണ്ടെത്താനും നടപടികളെടുക്കാനും പരാജയപ്പെട്ടു എന്നാരോപിച്ച്‌ നിരവധി ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട് . സംഭവം ഡിവിഷണ്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനമുണ്ട്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50000 രൂപയും ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. –

കേസില്‍ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാന്‍ എക്സൈസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് അറസ്റ്റ്. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ എക്സൈസ്, എന്‍ഫോഴ്സ്മെന്‍റ്, പൊലീസ് വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചിരിക്കുന്നത്.