തിരുവനന്തപുരം: തിരുവല്ല നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനായി സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. മത്സരിക്കണമെന്ന് തന്നോട് പലരും ആവശ്യപ്പെട്ടിട്ടുണ്ട് എന്നും എന്നാല്‍ അനുകൂലമായി പ്രതികരിച്ചില്ല എന്നും കുര്യന്‍ വ്യക്തമാക്കി. ഫേസ്ബുക്കിലാണ് കുര്യന്‍ വിശദീകരണം നല്‍കിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല അസംബ്ലി നിയോജക മണ്ഡലത്തില്‍ മത്സരിക്കുവാന്‍ ഞാന്‍ സഭാ നേതൃത്വവുമായി ചര്‍ച്ച ചെയ്തുവെന്നും പിന്തുണ ഉറപ്പാക്കിയെന്നും മറ്റും ചില വ്യാജ പ്രചരണങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. അത്തരം ഒരു ചര്‍ച്ചയും ഞാന്‍ ആരോടും നടത്തിയിട്ടില്ലായെന്ന് വ്യക്തമാക്കട്ടെ. തിരുവല്ലയില്‍ മത്സരിക്കണമെന്ന് എന്നോട് പലരും ആവശ്യപ്പെട്ടിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ ഞാന്‍ ആ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഞാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടിട്ടുമില്ല. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നും ആ സ്ഥാനാര്‍ത്ഥിയെ ഞാന്‍ പിന്തുണയ്ക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഞാനറിയാതെ എന്നെ സ്ഥാനാര്‍ത്ഥിയാക്കി മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിലരുടെ നടപടി ശരിയല്ലായെന്ന് വ്യക്തമാക്കട്ടെ.