കോട്ടയം: കോവിഡ് 19 പ്രതിരോധത്തിനുള്ള 29170 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കോട്ടയത്ത് എത്തി. എറണാകുളത്തു നിന്നും ഒന്‍പത് കോള്‍ഡ് ബോക്‌സുകളിലായി ഇന്നലെ(ജനുവരി 13) വൈകുന്നേരം നാലു മണിക്കാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ വാക്‌സിന്‍ കൊണ്ടുവന്നത്.

ജില്ലാ ആര്‍.സി.എച്ച്‌ ഓഫീസര്‍ ഡോ. സി.ജെ. സിതാരയുടെ നേതൃത്വത്തില്‍ വാക്‌സിന്‍ ഏറ്റുവാങ്ങി. ജനറല്‍ ആശുപത്രിയിലെ വാക്‌സിന്‍ സ്റ്റോറില്‍ ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്ന വാക്‌സിന്‍റെ വിതരണം ജനുവരി 16നാണ് ആരംഭിക്കുക. ദൂരെയുള്ള വിതരണ കേന്ദ്രങ്ങളിലേക്ക് ജനുവരി 15നും മറ്റു കേന്ദ്രങ്ങളിലേക്ക് 16ന് രാവിലെയും കൊടുത്തയയ്ക്കും.

ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് 23839 ആരോഗ്യ പ്രവര്‍ത്തകര്‍ ജനുവരി എട്ടുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനുവരി 31വരെ വിതരണം ചെയ്യുന്നതിനുള്ള വാക്‌സിനാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് നല്‍കുക.