ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ച ഭൂപടം നീക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് വീണ്ടും ആവശ്യപ്പെട്ട് ഇന്ത്യ. ഇക്കാര്യം വ്യക്തമാക്കി സംഘടനയ്ക്ക് ഇന്ത്യ കത്തയച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച വെബ്‌സൈറ്റിലെ ഡാഷ്‌ബോര്‍ഡിലാണ് ജമ്മു കശ്മീരിലെ പ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയിലെ സ്ഥിരം അംഗമായ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ അംബാസിഡര്‍ ഇന്ദ്രമണി പാണ്ഡെയാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു കത്ത്. നേരത്തെയും പ്രദേശങ്ങളെ ചിത്രീകരിച്ചത് തെറ്റായിട്ടാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ കത്ത് നല്‍കിയിരുന്നു. എത്രയും വേഗം തെറ്റായി ചിത്രീകരിച്ച പ്രദേശങ്ങളെ ഒഴിവാക്കി പകരം ഇന്ത്യന്‍ പ്രദേശങ്ങളെ ശരിയായ രീതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

ഭൂപടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടാം തിയതിയാണ് ഇന്ത്യ ലോകാരോഗ്യ സംഘടനയ്ക്ക് ആദ്യ കത്ത് നല്‍കിയത്. സംഭവത്തില്‍ ഇന്ത്യ ശക്തമായ അതൃപ്തി രേഖപ്പെടുത്തുന്നുവെന്നും, എത്രയും വേഗം ഭൂപടം മാറ്റി ചിത്രീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.