ഹെല്‍മെറ്റ് ധരിക്കാത്തതിന് ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ യുവതി തല്ലിച്ചതച്ചു. മുംബൈയിലാണ് സംഭവം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച കല്‍ബദേവിയിലെ സുര്‍ത്തി ഹോട്ടലിനു സമീപം ഡ്യൂട്ടിയിലായിരുന്നു ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ ഏകനാഥ് പാര്‍ട്ടെയെയാണ് 29 കാരിയായ സംഗ്രിക തിവാരി ആക്രമിച്ചത്. സംഗ്രികയും 32കാരനായ മൊഹ്സിന്‍ ഷെയ്ക്കുമൊന്നിച്ച്‌ ടൂ വീലറില്‍ പോവുകയായിരുന്നു. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഇതിന് ഏകനാഥ് പാര്‍ട്ടെ പിഴ ചുമത്തുകയും ചെയ്തു.

പിഴ ഈടാക്കിയത് വലിയ വാഗ്വാദത്തിന് ഇടയാക്കി. രോഷാകുലയായ സംഗ്രിക പാര്‍ട്ടെയും യൂണിഫോമില്‍ പിടിക്കുകയും തുടര്‍ച്ചയായി തല്ലുകയും ചെയ്തു. കൂട്ടുപ്രതിയായ മൊഹ്സിന്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. തന്നെ അധിക്ഷേപിച്ചുവെന്നാരോപിച്ചാണ് സംഗ്രിക പൊലീസുകാരനെ ആക്രമിച്ചത്. പിന്നീട് മറ്റൊരു പൊലീസുകാരനെത്തിയാണ് പാര്‍ട്ടെയെ രക്ഷിച്ചത്. സംഗ്രികയെയും മൊഹ്സിനെയും എല്‍.ടി മാര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.