കൊച്ചി: മഫ്തി വേഷത്തില്‍ എത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവുനിന്ന വനിതാ പൊലീസിന് എതിരെ നടപടി എടുത്ത സംഭവത്തില്‍ ഡി സി പി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത്. കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ആവശ്യത്തിലേറെ ജോലിത്തിരക്കുണ്ട്. അവിടെ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്നാണ് ആഭ്യന്തരവകുപ്പ് ഡി സി പിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ പി എസ് ഓഫീസര്‍ ആയ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെ വിലയിരുത്തല്‍. സംഭവം വാര്‍ത്തയാക്കുകയും ഇവര്‍ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് പതിവുപോലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് താക്കീത്. താന്‍ മഫ്തി വേഷത്തില്‍ എത്തിയപ്പോള്‍ തിരിച്ചറിയാതിരിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് കടത്തിവിടാതെ തടയുകയും ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ആയിരുന്നു ഡി സി പി ഐശ്വര്യ ഡോങ്റെയുടെ ശിക്ഷാ നടപടി.

‘ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല, മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവ് കാട്ടി’ – തുടങ്ങിയ കുറ്റങ്ങള്‍ക്ക് വനിതാ പൊലീസുകാരിയെ ട്രാഫിക്കിലേക്ക് മാറ്റിയെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഡി സി പി വിശദീകരിച്ചത്.

കഴിഞ്ഞദിവസം എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ ആയിരുന്നു സംഭവം. ഒരു യുവതി സ്റ്റേഷനിലേക്ക് കയറിപ്പോകാന്‍ ശ്രമിച്ചപ്പോള്‍ ആയിരുന്നു പാറാവില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്. വന്നയാള്‍ യൂണിഫോമില്‍ അല്ലാത്തതിനാലും പുതുയതായി ചുമതലയേറ്റ ഡി സി പിയുടെ മുഖപരിചയം ഇല്ലായിരുന്നു എന്നതിനാലുമായിരുന്നു ആളറിയാതെ തടഞ്ഞു നിര്‍ത്തിയത്. ഇതാണ് പാറാവില്‍ ഉണ്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ശിക്ഷാ നടപടി നല്‍കുന്നത് വരെ എത്തിച്ചത്. സംഭവത്തില്‍ ഡി സി പി വനിത പൊലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ആരാഞ്ഞെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ട്രാഫിക്കിലേക്ക് ശിക്ഷാ നടപടിയായി അയയ്ക്കുകയായിരുന്നു.

ഏതായാലും ഇതോടെ സംഭവം പൊലീസുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമില്‍ എത്തിയാല്‍ എങ്ങനെ തിരിച്ചറിയും എന്നാണ് ഇവരുടെ ചോദ്യം.