ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്തേകാന്‍ 83 തേജസ് യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങുന്നു.പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍നിന്ന് 48,000 കോടി രൂപയ്ക്ക് തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയാണ് ഇടപാടിന് അനുമതി നല്‍കിയത്. 73 തേജസ് എം.കെ 1എ യുദ്ധവിമാനങ്ങളും 10 എം.കെ-1 പരിശീലന വിമാനങ്ങളുമാണ് വാങ്ങുക. രൂപകല്‍പ്പനയും അടിസ്ഥാന സൗകര്യ വികസനവും ഉള്‍പ്പെടെയാണ് 48,​000 കോടി.

തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച നാലാം തലമുറ ലഘുയുദ്ധ വിമാനമാണ് തേജസ്. അത്യാധുനിക റഡാര്‍, ദീര്‍ഘദൂര മിസൈല്‍, ആകാശത്ത് വച്ച്‌ ഇന്ധനം നിറയ്‌ക്കല്‍,​ ശത്രു റഡാറിനെയും മിസൈലുകളെയും നിര്‍വീര്യമാക്കാനുള്ള ജാമര്‍ തുടങ്ങിയ സംവിധാനങ്ങളോടെയാണ് തേജസ് എത്തുക.