വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപിന് ഇംപീച്ച്‌മെന്റ്. രാജ്യത്തെ നടുക്കിയ കാപിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197-നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഇതോടെ, രണ്ട് തവണ ഇംപീച്ച്‌ ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്.

ജനുവരി ആറിന് അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ അക്രമം അഴിച്ചുവിടാന്‍ കലാപകാരികളെ പ്രേരിപ്പിച്ചുവെന്ന കണ്ടെത്തലാണ് രണ്ട് തവണ ഇംപീച്ച്‌ ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റ് എന്ന പദവി ട്രംപിന് നേടിക്കൊടുത്തത്. സഭയിലെ 232 അംഗങ്ങള്‍ ട്രംപിനെതിരെ വോട്ട് ചെയ്തപ്പോള്‍ 197 അംഗങ്ങള്‍ അനുകൂലിച്ചു. ട്രംപിനെ പിന്താങ്ങാതെ പ്രസിഡന്റിനെതിരെ വോട്ട് രേഖപ്പെടുത്തി 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ചരിത്രത്തിന്റെ ഭാഗമായി. വൈറ്റ് ഹൗസില്‍ തുടരുന്ന അവസാന ദിനങ്ങളില്‍ ട്രംപിന്റെ പിന്തുണ കുറയുന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണിത്. സെനറ്റിന്റെ വിചാരണയാണ് ഡോണള്‍ഡ് ട്രംപിനെ അടുത്തതായി കാത്തിരിക്കുന്നത്. നിരവധി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ട്രംപിനെതിരെ പരസ്യമായി രംഗത്തുവന്ന സാഹചര്യത്തില്‍ ഏറെ ഗൗരവമേറിയ വിചാരണയായിരിക്കും ഡോണള്‍ഡ് ട്രംപ് നേരിടേണ്ടിവരിക. ഇംപീച്ച്‌മെന്റിന് പിന്നാലെ രാജ്യത്ത് സമാധാനം കൊണ്ടുവരണമെന്ന് പ്രസിഡന്റ് ട്രംപ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് പറഞ്ഞു. കാപിറ്റോള്‍ ആക്രമണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തന്നെ പിന്തുടരുന്നവര്‍ കലാപത്തിന് മുതിരരുതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇംപീച്ച്‌മെന്റിനെക്കുറിച്ചുള്ള പരാമര്‍ശമൊന്നും സന്ദേശത്തിലുണ്ടായിരുന്നില്ല.

‍പുതിയ പ്രസി‍ഡന്റ് സ്ഥാനമേറ്റതിന് ശേഷമാകും സെനറ്റിന്റെ വിചാരണ. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍, മുന്‍ പ്രസിഡന്റുമാര്‍ക്കുള്ള ആനുകൂല്യം ട്രംപിന് നഷ്ടമാകും.

ഇംപീച്ച്‌മെന്റിന് പിന്നാലെ രാജ്യത്ത് സമാധാനം കൊണ്ടുവരണമെന്ന് പ്രസിഡന്റ് ട്രംപിന്റെ വീഡിയോ സന്ദേശം. കാപിറ്റോള്‍ ആക്രമണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തന്നെ പിന്തുടരുന്നവര്‍ കലാപത്തിന് മുതിരരുതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇംപീച്ച്‌മെന്റിനെക്കുറിച്ചുള്ള പരാമര്‍ശമൊന്നും സന്ദേശത്തിലുണ്ടായിരുന്നില്ല.