ബംഗളൂരു: കര്‍ണാടകയില്‍ 58കാരന്റെ കൊലപാതകത്തില്‍ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. 58കാരനെ ഡ്രൈവര്‍ രണ്ടുതവണ ഓട്ടോറിക്ഷ കയറ്റി കൊല്ലുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

മൈസൂരില്‍ ഞായറാഴ്ച വൈകീട്ട് 5.30നാണ് സംഭവം. 58കാരനെ ഓട്ടോറിക്ഷ കയറ്റി കൊല്ലുകയായിരുന്നു. ചോരവാര്‍ന്ന് റോഡില്‍ കിടന്ന 58കാരനെ തുടക്കത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വഴിയാത്രക്കാര്‍ തയ്യാറായില്ല. മദ്യപിച്ച്‌ റോഡില്‍ കിടക്കുകയാണ് എന്നാണ് കരുതിയത്. പിന്നീട് ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ 58കാരനെ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മൈസൂരില്‍ റോഡില്‍ കാത്തുനിന്ന 58കാരനെയാണ് ഇടിച്ചിട്ടത്. ആദ്യത്തെ ഇടിക്ക് ശേഷം പ്രതി സ്ഥലത്ത് നിന്ന്‌ കടന്നുകളഞ്ഞു. തുടര്‍ന്ന് മടങ്ങിയെത്തിയ പ്രതി വീണ്ടും 58കാരനെ ഓട്ടോറിക്ഷ കയറ്റി കൊല്ലാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓട്ടോറിക്ഷയില്‍ ഈസമയത്ത് മറ്റൊരാള്‍ യാത്രക്കാരനായി ഉണ്ടായിരുന്നു. ഓട്ടോറിക്ഷ ഓടിച്ചിരുന്നത് ശ്രീധറാണ് എന്ന് പൊലീസ് തിരിച്ചറിഞ്ഞു. യാത്രക്കാരനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.