വിഴിഞ്ഞം സംഘർഷത്തിൽ പൊലീസിന്റേത് അഴകൊഴമ്പൻ സമീപനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംഘർഷത്തെ തുടർന്ന് പൊലീസ് സ്റ്റേഷൻ ആക്രമിച്ചവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ്. ശബരിമലയിൽ പൊലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത് കാണാൻ കഴിഞ്ഞത്.വിഴിഞ്ഞത്തേത് സർക്കാർ സ്പോൺസേഡ് കലാപമാണ്. സംഘർഷ സാധ്യത അറിഞ്ഞിട്ടും പൊലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. വിഴിഞ്ഞത്തെ അക്രമസംഭവങ്ങൾ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. മന്ത്രിമാർ കലാപത്തെ പ്രോത്സാഹിപ്പിക്കുകയാണ്. മന്ത്രി ആന്‍റണി രാജുവിന് വിഷയത്തിൽ നിക്ഷിപ്ത താൽപര്യമുണ്ട്. ആന്റണി രാജുവിന്റെ ബന്ധുക്കൾ കലാപത്തിന് പിന്നിലുണ്ട്. പദ്ധതി അട്ടിമറിക്കാൻ മന്ത്രി കൂട്ടുനിൽക്കുകയാണ്.

കേസിന്റെ ഗൗരവം കുറയ്ക്കാനുളള ശ്രമമാണ് നടക്കുന്നുണ്ട്. പരുക്കേറ്റ പൊലീസുകാരെ ഇന്നലെ തന്നെ ഡിസ്ചാർജ് ചെയ്തു. ജില്ലാ കളക്ടറും കമ്മീഷണറും കലാപത്തെ സഹായിക്കുന്ന രീതിയിലാണ് ഇടപെടുന്നത്. സമരപ്പന്തൽ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവിലയാണ് സമരക്കാർ നൽകിയത്. പുനരധിവാസം സംബന്ധിച്ച് കേന്ദ്ര സർക്കാരിന് ഒന്നും ചെയ്യാനില്ല. പദ്ധതി നടപ്പാക്കാൻ സർക്കാർ കാവൽ നിൽക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, സംഘർഷത്തിൽ 3,000 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെയാണ് കേസ്. ലഹളയുണ്ടാക്കൽ, പൊലീസ് ഷൻ ആക്രമിക്കുക, വധശ്രമം, പൊലീസുകാരെ തടഞ്ഞ് വയ്ക്കുക, കൃത്യവിലോപത്തിന് തടസ്സം സൃഷ്ടിക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഘർഷത്തിൽ 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.