വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളജ് ഉറപ്പാക്കിയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. സംഘർഷത്തിൽ പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ടീമിനെ നിയോഗിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു.(vizhinjam protest medical college gave the best treatment)

പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി 22-ാം വാര്‍ഡ് പ്രത്യേക ചികിത്സാകേന്ദ്രമാക്കി മാറ്റുകയും മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഐസിയുവും സജ്ജമാക്കുകയും ചെയ്തു. പരുക്കേറ്റവര്‍ക്ക് കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തു. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സജ്ജമാക്കിയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.