കൊല്‍ക്കൊത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ ഒളിയമ്ബുകളുമായി മമതയുടെ സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജി.

ഇന്ത്യാടുഡേയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബംഗാളില്‍ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും കുറെക്കൂടി മെച്ചപ്പെട്ട രാഷ്ട്രീയം ബംഗാളിനാവശ്യമുണെന്നും കാര്‍ത്തിക് ബാനര്‍ജി പറഞ്ഞത്. സ്വന്തം മരുമകന്‍ അഭിഷേക് ബാനര്‍ജിയെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള മമതയുടെ നീക്കത്തെയാണ് കാര്‍ത്തിക് ബാനര്‍ജി വിമര്‍ശിക്കുന്നതെന്ന് വ്യക്തം. മമതയുടെ ബന്ധുക്കള്‍ പലരും അധികാരസ്ഥാനങ്ങള്‍ കയ്യടക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയരുന്നുണ്ട്.

ആളുകളുടെ ജീവിതനിലവാരം ഉയര്‍ത്തണമെന്ന് പറഞ്ഞ് രാഷ്ട്രീയത്തില്‍ എത്തുന്നവര്‍ സ്വന്തം ജീവിതമോ അവരുടെ കുടുംബാംഗങ്ങളുടെ ജീവിതമോ മെച്ചപ്പെടുത്തുന്നത് കണ്ട് മടത്തുവെന്നും കാര്‍ത്തിക് ബാനര്‍ജി പറഞ്ഞു.

മമതയുടെ വലംകൈയായ സുവേന്ദു അധികാരിയുള്‍പ്പെടെയുള്ളവര്‍ ബിജെപിയിലെത്തിയതിന് പിന്നാലെയാണ് കാര്‍ത്തിക് ബാനര്‍ജിയും പുതിയ കുടുംബവാഴ്ച ആരോപണവുമായി മമതയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ബംഗാള്‍ നിയമസഭാതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ വേഷയില്‍ കാര്‍ത്തിക് ബാനര്‍ജിയുടെ ആരോപണം മമതയ്ക്കെതിരെ ബിജെപിയ്ക്ക് പുതിയ ആയുധമാകുമെന്നുറപ്പ്. എന്തായാലും ബംഗാളില്‍ ഭരണത്തിനെതിരായ വികാരം ആഞ്ഞടിക്കുകയാണ്. ഇതും ബിജെപിയ്ക്ക് അനുകൂലമാവുമെന്ന് കരുതുന്നു.

ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ദീദി എന്ന് വിളിക്കുന്നതിനേക്കാള്‍ പിഷി (അമ്മായി ) എന്ന് വിളിച്ചാണ് മമതയെ പരിഹസിക്കുന്നത്. പിഷി എന്ന വിളിപ്പേര് ഇപ്പോള്‍ ബംഗാളില്‍ വലിയ ചര്‍ച്ചാവിഷയമാണ്. അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന മരുമകന്‍ അഭിഷേഖ് ബാനര്‍ജി മമതയെ വിളിക്കുന്ന പേരാണ് പിഷി.