എറണാകുളത്ത് അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്ബാനയ്ക്കെതിരെ വിമതരുടെ പ്രതിഷേധം. കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ ബസിലിക്കക്കത്ത് പ്രവേശിക്കാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. വിമത പക്ഷത്തുള്ളവര്‍ ബിഷപ്പിനെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇന്ന് രാവിലെ ആറു മണിയോടെ ബസിലിക്കയില്‍ എത്തിയ ബിഷപ്പിനെ ഗേറ്റ് പൂട്ടി തടയുകയായിരുന്നു. സംഭവസ്ഥലത്ത് വിമത പക്ഷത്തിന്റെ വിശ്വാസികളും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷം നടന്നു. വലിയ പൊലീസ് സന്നാഹം സ്ഥലത്ത് ഒരുങ്ങിയിരുന്നെങ്കിലും ബിഷപ്പിനെ അകത്തേക്ക് കടത്തിവിടാനായില്ല. ഏകീകൃത കുര്‍ബാനയ്ക്ക് ഒരു കാരണവശാലും അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലാണ് വിമത പക്ഷത്തുള്ളവര്‍. ബസിലിക്കയ്ക്കകത്ത് തമ്പടിച്ചിരിക്കുന്ന വിമതപക്ഷക്കാര്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ ജനാഭിമുഖ കുര്‍ബാനയും അര്‍പ്പിച്ചു.സ്ഥലത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. സുരക്ഷയൊരുക്കി വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക പക്ഷത്തുള്ളവര്‍ പുറത്തെത്തി ബിഷപ്പിനെ പിന്തുണച്ചെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിഷപ്പ് പിന്മാറുകയായിരുന്നു.
ഏകീകൃത കുര്‍ബാനയില്‍ തര്‍ക്കം, ബിഷപ്പ് ആന്‍ഡ്രൂസിനെ തടഞ്ഞ് പ്രതിഷേധം; സംഘര്‍ഷാവസ്ഥ
