കഴിഞ്ഞദിവസത്തെ വിഴിഞ്ഞം സംഘര്‍ഷത്തില്‍ സമരസമിതിക്കെതിരെ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര അടക്കമുള്ള വൈദികരെയും പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം, കലാപ ആഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്നലത്തെ സംഘര്‍ഷത്തില്‍ പരുക്കേറ്റ നാട്ടുകാര്‍ അടക്കമുള്ളവര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ പ്രദേശത്ത് രൂക്ഷമായ സംഘര്‍ഷം ഉടലെടുത്തിരുന്നു. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ലോറികളുടെ ഗ്ലാസുകള്‍ സമരക്കാര്‍ തല്ലി തകര്‍ത്തു. ശക്തമായ കല്ലേറും ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായി. അക്രമത്തില്‍ ഒരു പൊലീസുകാരനടക്കം അഞ്ചുപേര്‍ക്ക് പരുക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ ജനകീയ സമരസമിതിയുടെ പന്തല്‍ സമരസമിതിക്കാര്‍ പൊളിച്ചുനീക്കുകയും ചെയ്തു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക റിപ്പോര്‍ട്ട് നല്‍കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാര്‍ അറിയിച്ചു. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അദാനി പോര്‍ട്ട് അധികൃതരും ലത്തീന്‍ സമരസമിതിയുടെ അക്രമത്തെക്കുറിച്ച് കോടതിയെ അറിയിക്കും.അതേസമയം, വിഴിഞ്ഞം സമരത്തിനിടെയുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. സമരം മൂലം പ്രതിദിന നഷ്ടം രണ്ടു കോടിയാണ്. ഇതുവരെയുള്ള ആകെ നഷ്ടം 200 കോടിക്ക് മുകളിലായാണ് വിലയിരുത്തല്‍. നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന് നിര്‍മാണക്കമ്പനി ആവശ്യപ്പെട്ടിരുന്നു.