ബസ്സിനുള്ളില്‍ അപസ്മാര ബാധയുണ്ടായ മൂന്നുവയസുകാരന് രക്ഷയായത് വിദ്യാര്‍ത്ഥികള്‍. തൃക്കണ്ണമംഗല്‍ എസ്കെവി സ്കൂളിലെ 10-ാംക്ലാസ് വിദ്യാര്‍ത്ഥികളായ വിനായകും ശ്രീഹരിയുമാണ് അവസരോചിതമായ ഇടപെടലിലൂടെ കുഞ്ഞുജീവന് ആശ്വാസമായത്. കൊട്ടാരക്കരയില്‍ നിന്നും ട്യൂഷന് കഴിഞ്ഞ് ചെപ്രയിലേക്ക് പോകാനായി ഇരുവരും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയപ്പോഴായിരുന്നു സംഭവം. വിനായകും ശ്രീഹരിയും കയറിയ ബസില്‍ മുന്‍ സീറ്റിലിരുന്ന കവിതയുടെ മൂന്നുവയസ്സുകാരനായ മകനാണ് ശരീരം വിറച്ച് കുഴഞ്ഞുവീണത്. എന്തുചെയ്യണമെന്ന് അറിയാതെ കവിത നിലവിളിച്ചതോടെ ഇരുവരും ഇറങ്ങി വാഹനം ഏര്‍പ്പാട് ചെയ്യാന്‍ ചാടിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരന് വിളിച്ചു നല്കിയ ഓട്ടോയില്‍ കവിതയ്ക്കും കുഞ്ഞിനുമൊപ്പം ആശുപത്രിയില്‍ പോകാന്‍ ഇവരെ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ പരിചരിച്ചും കവിതയ്ക്ക് ആശ്വാസമായും ഇവര്‍ ഏറെ നേരം ഒപ്പമുണ്ടായിരുന്നു. ഓക്സിജന്‍ നല്കി കുഞ്ഞിന്റെ നില സുരക്ഷിതമാക്കിയ ശേഷമാണ് ഇരുവരും മടങ്ങിയത്. കുഞ്ഞിനെ യഥാസമയം ആശുപത്രിയിലെത്തിച്ചത് നേട്ടമായെന്നും ഇല്ലെങ്കില്‍ തലച്ചോറിനെ ബാധിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനിടെ തങ്ങളുടെ സ്കൂള്‍ ബാഗ് ബസില്‍ നഷ്ടപ്പെട്ടെങ്കിലും സഹപാഠികള്‍ വീട്ടിലെത്തിച്ചു. തനിക്ക് അസുഖം വന്നപ്പോള്‍ അമ്മ എടുത്തുകൊണ്ട് ഓടിയത് ഓര്‍ത്തെന്ന് ഇതേപറ്റി ചോദിച്ചപ്പോള്‍ ശ്രീഹരി പറഞ്ഞു. എന്നാല്‍ ഒരമ്മ കരയുമ്പോള്‍ പിന്നെന്തു ചെയ്യുമെന്നായിരുന്നു വിനായകിന്റെ ചോദ്യം.
‘ഒരമ്മ കരയുമ്പോള്‍ പിന്നെന്തു ചെയ്യണം’; മൂന്നു വയസുകാരന് രക്ഷകനായി വിനായകും ശ്രീഹരിയും
