കരിമണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തോക്കില്‍ നിന്ന് വെടി പൊട്ടിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ പൊലീസ് മേധാവി. നവംബര്‍ മൂന്നിനായിരുന്നു സംഭവം. പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു എന്നാണ് വിശദീകരണം. പൊലീസിന്റെ ആയുധമുറിയില്‍ സൂക്ഷിച്ചിരുന്ന തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്. സോഷ്യല്‍ വര്‍ക്കിന്റെ ഭാഗമായി പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ചായിരുന്നു അബദ്ധത്തില്‍ വെടി പൊട്ടിയത്.

പെരിങ്ങാശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നത്. സ്‌റ്റേഷന്റെ ഘടന പരിചയപ്പെടുത്തിയതിന് ശേഷം ആയുധമുറി തുറന്ന് തോക്കുകളും മറ്റ് സുരക്ഷാ ആയുധങ്ങളും കാണിച്ച് കൊടുത്തിരുന്നു. ശേഷം പാറാവുകാരന്‍ തോക്കിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തി. തോക്കിന്റെ ലോക്ക് വീണത് മാറ്റാന്‍, സി.ഐ. സുമേഷ് സുധാകര്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടൈായ ഗുരുതര വീഴ്ച്ചയില്‍ കൂടുതല്‍ അന്വഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.