ആരോടും അമര്‍ഷമില്ലെന്ന് ശശി തരൂര്‍ എംപി. തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശം വാക്ക് പാര്‍ട്ടിക്കെതിരെയോ പ്രവര്‍ത്തകര്‍ക്കെതിരെയോ ഉണ്ടായിട്ടില്ലെന്നും വിവാദം എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും തരൂര്‍ എറണാകുളത്ത് പറഞ്ഞു. പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവ് ഇന്ന് എറണാകുളത്ത് നടക്കാനിരിക്കെയാണ് പ്രതികരണം.പ്രതിപക്ഷ നേതാവുമായി സംസാരിക്കുമോയെന്ന ചോദ്യത്തിന് ‘കിന്റര്‍ ഗാര്‍ഡനില്‍ സംസാരിക്കാതിരിക്കുന്നത് പോലെ ചെയ്യാന്‍ നമ്മള് കുട്ടികളാണോ’ എന്നായിരുന്നു തരൂരിന്റെ ചിരി കലര്‍ന്ന പ്രതികരണം.
ഒരേ സ്ഥലത്ത് ഇല്ലെങ്കില്‍ എങ്ങനെ സംസാരിക്കും. എല്ലാം നന്നായി നടക്കുന്നുണ്ട്. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും മോശം വാക്ക് പാര്‍ട്ടിക്കെതിരെയോ പ്രവര്‍ത്തകര്‍ക്കെതിരെയോ നിങ്ങള്‍ കേട്ടിട്ടുണ്ടോ. എന്താണ് വിഷയമെന്ന് എനിക്കറിയില്ല. എന്റെ ഭാഗത്ത് നിന്നും വിവാദമോ അമര്‍ഷമോ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് വേദിയിലേക്ക് ഡിസിസി പ്രസിഡണ്ടിനോട് പറയാതെ പോയിട്ടില്ല.’ എന്നും തരൂര്‍ പറഞ്ഞു.ഇന്ന് രാവിലെയാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോണ്‍ക്ലേവ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്നത്. സംഘടനയുടെ ദേശീയ ചെയര്‍മാനായ ശശി തരൂര്‍ മുഖ്യപ്രഭാഷകനായി എത്തുന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മൂന്നുപേരെയും ഒന്നിച്ചാണ് സംഘാടകര്‍ ക്ഷണിച്ചിരുന്നത്. മൂന്നു പേര്‍ക്കും തുല്യ പ്രാധാന്യം നല്‍കിയായിരുന്നു പരിപാടിയുടെ പ്രചാരണപ്രവര്‍ത്തനങ്ങളും. ഡോ.എസ് എസ് ലാലും മാത്യു കുഴല്നാടന് എംഎല്‍എയുമാണ് പ്രധാന സംഘാടകര്‍.
കോണ്‍ക്ലേവില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നേരിട്ട് പങ്കെടുക്കില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുധാകരന് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പകരം ഓണ്‍ലൈനായി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശനും പരിപാടിയില്‍ നിന്ന് പിന്മാറിയിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ എത്താനാവില്ലെന്നാണ് സതീശന് നേരത്തെ സംഘാടകരെ അറിയിച്ചത്. രാവിലെ മറ്റ് പരിപാടികളുണ്ടെന്ന് പറഞ്ഞാണ് സതീശന് ഒഴിഞ്ഞത്. വൈകുന്നേരത്തെ ലീഡേഴ്സ് മീറ്റില്‍ സതീശന് പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍.