പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികൾ ഡിസംബര്‍ എട്ടുവരെ സമർപ്പിക്കാം. പരാതികള്‍ ഡിസബംര്‍ 26ന് മുമ്പ് തീര്‍പ്പാക്കി ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.

2024ലെ പൊതുതെരഞ്ഞെടുപ്പിലേക്കായാണ് 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെയും സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങളെയുമടക്കം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി താലൂക്ക്, വില്ലേജ്, ബൂത്ത് തലങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. നാളെയും, ഡിസംബര്‍ 3,12 തീയതികളിലുമാണ് പ്രത്യേക ക്യാമ്പുകള്‍ നടത്തുന്നത്. ഇതിന് പുറമെ ജില്ലയുടെ മലയോര, അതിര്‍ത്തി പ്രദേശങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും.

പട്ടിക സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികളിലും നിര്‍ദ്ദേശങ്ങളിലും ഉദ്യോഗസ്ഥര്‍ ഇരുവിഭാഗങ്ങളെയും കേട്ട ശേഷം ചട്ടപ്രകാരമായിരിക്കണം നടപടിയെടുക്കേണ്ടത്. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ആരെയെങ്കിലും വോട്ടര്‍ പട്ടികയില്‍ നിന്നും ചട്ടപ്രകാരമല്ലാതെ പുറത്താക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവസരം നല്‍കും.