വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. പദ്ധതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കേസ് ജനകീയ സമര സമിതിക്കെതിരെയാണ്. ഫാദര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ള വൈദികരും കേസില്‍ പ്രതികളാണ്.(10 case against vizhinjam port protest)

വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസ് നിയമപരമായി നേരിടുമെന്നും ഭയക്കുന്നില്ലെന്നും യൂജിന്‍ പെരേര പ്രതികരിച്ചു. സമരം ചെയ്യുന്നത് ന്യായമായ ആവശ്യത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണത്തിനെതിരായി നടത്തുന്ന സമരം തുടരാനാണ് തീരുമാനം. സമരം തുടരാന്‍ ആഹ്വാനം ചെയ്ത് ലത്തീന്‍ അതിരൂപത പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. തുറമുഖ നിര്‍മാണത്തിനെതിരായ സമരം തുടരണമെന്നാണ് ആഹ്വാനം. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നില്‍പ്പോലും പരിഹാരം കണ്ടിട്ടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.ഓഖി വാര്‍ഷികമായ ചൊവ്വാഴ്ച വീടുകളില്‍ മെഴുകുതിരി കത്തിക്കണമെന്നാണ് നിര്‍ദേശം. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജാഗ്രത വേണം. തുറമുഖ കവാടത്തിലുള്ള സമരപ്പന്തലിലെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കണമെന്നും ലത്തീന്‍ അതിരൂപത ആഹ്വാനം ചെയ്തു.വിഴിഞ്ഞത്ത് സംഘര്‍ഷമുണ്ടാക്കുന്നത് സര്‍ക്കാര്‍ ഒത്താശയോടെയാണെന്ന് ഫാദര്‍ യൂജിന്‍ പെരേര ആരോപിച്ചു. സമാധാനപരമായി സമരം നടത്തുന്നവരെ അടിച്ചൊതുക്കുകയാണ്. സമരത്തിനിടയില്‍ പ്രശ്‌നമുണ്ടാക്കിയത് പുറത്തുനിന്നെത്തിയ അദാനിയുടെ ആളുകളാണ്. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകും. നഷ്ടം ഈടാക്കുമെന്ന സര്‍ക്കാര്‍ നിലപാടില്‍ അത്ഭുതമില്ലെന്നും യൂജിന്‍ പെരേര പറഞ്ഞു.