ചങ്ങനാശ്ശേരി അതിരൂപതയുടെ പരിപാടിയിൽ മുഖ്യാതിഥിയായി ശശി തരൂർ എംപി. സഭയുടെ യുവദീപ്തി എസ് എം വൈ എം എന്ന യുവജന സംഘടനയുടെ സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തിലാണ് തരൂര്‍ മുഖ്യാതിഥിയാവുക. ഡിസംബര്‍ നാലിനാണ് സമാപന സമ്മേളനം. തരൂരിന്റെ സന്ദർശന വിലക്ക് വിവാദമായ സാഹചര്യത്തിലാണ് ചങ്ങനാശേരി അതിരൂപതയുടെ സ്വീകരണം. കോട്ടയത്ത് ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഫ്ളക്സ് ബോര്‍ഡില്‍ നിന്നും വി ഡി സതീശന്റെ പേരും ചിത്രവും ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഈരാറ്റുപേട്ടയില്‍ വിഡി സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ടുളള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. വിചാര്‍ വിഭാഗം ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് സതീശന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഫ്ളക്സുകള്‍. മലബാർ സന്ദർശനത്തിൽ തരൂർ പാണക്കാട് തങ്ങൾ കുടുംബത്തേയും കാന്തപുരം എപി അബൂബക്കർ മുസ്ലിയാരേയും സന്ദർശിച്ചിരുന്നു. വിവിധ മത നേതാക്കന്മാരെ തരൂർ സന്ദർശിക്കുമെന്നും അറിയിച്ചിരുന്നു. അതേസമയം സമാന്തര പരിപാടി പാടില്ലെന്ന് തരൂരിന് കെപിസിസി അച്ചടക്ക സമിതി നിര്‍ദേശം നല്കി. പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്ന് തരൂരിന് പരിപാടികളില്‍ പങ്കെടുക്കാം. ബന്ധപ്പെട്ട പാര്‍ട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ പരിപാടികളില്‍ പങ്കെടുക്കാവൂ. ബന്ധപ്പെട്ട എല്ലാവരെയും നിര്‍ദേശം അറിയിച്ചുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. ഡിസിസി അനുമതിയോടെ ഏത് പരിപാടിയിലും പങ്കെടുക്കാം. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ പരിപാടിയുടെ കാര്യങ്ങള്‍ അറിയിച്ചിരിക്കണം. എല്ലാ നേതാക്കള്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം വ്യക്കമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന അച്ചടക്ക സമിതിയിലാണ് തീരുമാനമുണ്ടായത്.
തരൂരിന്റെ പരിപാടിയുമായി ചങ്ങനാശ്ശേരി അതിരൂപത; മുഖ്യാതിഥിയാകും
