തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ രാഷ്ട്രീയ നേതൃത്വമല്ല, ഐഎഎസ് ഉദ്യോഗസ്ഥരും സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമാണ് ക്രമക്കേടുകള്‍ നടത്തിയതെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു.

സിപിഎമ്മും പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഹൈക്കോടതി വിധി ഉയര്‍ത്തിക്കാട്ടി തടി രക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷം ലൈഫ് മിഷന്‍ പദ്ധതി ചര്‍ച്ചയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഹൈക്കോടതി വിധി ഉയര്‍ത്തിപ്പിടിച്ച്‌ രക്ഷപ്പെടാനാണ് സിപിഎം മന്ത്രിമാര്‍ ശ്രമിച്ചത്. അഴിമതി നടന്നിട്ടില്ലെങ്കില്‍ അതില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്ന് ഹൈക്കോടതി പറഞ്ഞുവെന്നാണ് പ്രതിപക്ഷാക്രമണങ്ങളെ ഖണ്ഡിച്ച്‌ മന്ത്രി എ.സി. മൊയ്തീന്‍ വാദിച്ചത്.

എന്നിട്ടും സര്‍ക്കാരെന്തിനാണ് സുപ്രീംകോടതിയെ സമീപിക്കുന്നത് എന്നതാണ് പലരും ഉയര്‍ത്തുന്ന ചോദ്യം. ഇതിന്‍റെ കാരണം ഐഎഎസ് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കിയാല്‍ സര്‍ക്കാരിന് ഭാവിയില്‍ അത് കൂടുതല്‍ തലവേദനയാകും എന്നതിനാലാണെന്ന് പറയപ്പെടുന്നു. പിടിപ്പില്ലാത്ത മന്ത്രിമാരില്‍ പലര്‍ക്കും നേരെചൊവ്വേ ഭരണം കൊണ്ടുപോകാന്‍ സഹായിക്കുന്നത് ഐഎഎസുകാരാണ്. ലൈഫ് മിഷന്‍റെ മുഴുവന്‍ കുറ്റവും ഉദ്യോഗസ്ഥരുടെ തലയിലിട്ടാല്‍ അത് സര്‍ക്കാരിന് പാരയായേക്കുമെന്ന വിലയിരുത്തിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിലേക്കുള്ള ഈ നെട്ടോട്ടം എന്നറിയുന്നു.

ഒപ്പം സിബിഐ അന്വേഷണവും എഫ് ഐആറും റദ്ദാക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. ഇതും സര്‍ക്കാരിന് വലിയ തലവേദനയാണ്. കാരണം സിബിഐയ്ക്ക് കൂടുതല്‍ ക്ലീന്‍ ചിറ്റ് നല്‍കുന്ന വിധി നാളെ സര്‍ക്കാരിന് കുരുക്കാകും എന്നും പിണറായി സര്‍ക്കാര്‍ കരുതുന്നു. “കരാറുണ്ടാക്കിയതില്‍ തന്നെ കള്ളക്കളി വ്യകതമാണ്. കൈക്കൂലി വാങ്ങാനും സിഎജി ഓഡിറ്റ് ഒഴിവാക്കാനുമായിരുന്നു കരാര്‍. അതിനാല്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനോ ലൈഫ് മിഷന്‍ അധികൃതര്‍ക്കോ ക്രിമിനല്‍ നടപടിയില്‍ നിന്നും രക്ഷപ്പെടാനാവില്ല,” ഹൈക്കോടതി വിധിയില്‍ ജസ്റ്റിസ് പി. സോമരാജന്‍ പറയുന്നു. ഇതും സര്‍ക്കാരിന് തലേവദനയാണ്.