ബീഹാറിലെ ബെ​ഗുസരായ് ജില്ലയിലെ റെയിൽവേ യാർഡിൽ നിന്ന് ഡീസൽ എഞ്ചിൻ മോഷണം പോയതായി പൊലീസ് അറിയിച്ചു. റെയിൽവേ യാ‍ഡിൽ നിർത്തിയിട്ടിരുന്ന എഞ്ചിൻ പല ഭാ​ഗങ്ങളാക്കി ഘട്ടംഘട്ടമായാണ് മോഷ്ടാക്കൾ കടത്തി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. മോഷണം പോയതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് ബരൗനി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.ഗർഹാര യാർഡിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ഡീസൽ എഞ്ചിനാണ് മോഷണം പോയത്. മോഷ്ടിച്ച ഭാ​ഗങ്ങൾ മുസഫർ പൂരിനടുത്തുള്ള പ്രഭാത് ന​ഗറിൽ നിന്ന് കണ്ടെത്തി. അന്വേഷണത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി മുസഫർ റെയിൽവേ സംരക്ഷണ സേന ഇൻസ്പെക്ടർ പിഎസ് ദുബൈ അറിയിച്ചു. എ‍ഞ്ചിൻ യാർഡിലേക്ക് മോഷ്ടാക്കൾ തുരങ്കം നിർമ്മിക്കുകയും അതുവഴി മോഷണം നടത്തുകയായിരുന്നു എന്ന് അദ്ദേഹം പറ‍ഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രഭാത് നഗർ പ്രദേശത്തെ സ്‌ക്രാപ്പ് ഗോഡൗണിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ 13 ചാക്കുകളിലായി എൻജിൻ ഭാഗങ്ങൾ, വിന്റേജ് ട്രെയിൻ എഞ്ചിനുകളിൽ നിന്നുള്ള ചക്രങ്ങൾ, കനത്ത ഇരുമ്പ് കൊണ്ട് നിർമ്മിച്ച റെയിൽറോഡ് ഭാ​ഗങ്ങളും കണ്ടെടുത്തു. ​ഗോ​ഡൗണിന്റെ ഉടമക്കായി അന്വേഷണം നടത്തുന്നുണ്ട് എന്ന് പൊലീസ് പറഞ്ഞു. മുമ്പ് സ്റ്റീൽ പാലങ്ങളുടെ ഭാ​ഗങ്ങൾ അഴിച്ചു വിറ്റ കേസിൽ അറസ്റ്റിലായവരാണ് മോഷണം നടത്തിയത്.