വിവാദമായ കര്‍ഷക നിയമങ്ങള്‍ റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ഷക യൂണിറ്റുകള്‍ രാജ്ഭവനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. സര്‍ക്കാര്‍ നല്‍കിയ വിവിധ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ കര്‍ഷകരുടെ പ്രതിഷേധം മാര്‍ച്ചില്‍ രേഖപ്പെടുത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) ചര്‍ച്ച നടത്തി നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെ ഒന്നും നടപ്പാക്കിട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. മൂന്ന് കാര്‍ഷിക ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രക്ഷോഭമാണ്ന ടന്നത്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള കര്‍ഷകര്‍ ഒരു വര്‍ഷത്തിലേറെയായി ദേശീയ തലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ മൂന്ന് നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. നിയമങ്ങള്‍ റദ്ദാക്കുമെന്ന് അവര്‍ ഞങ്ങള്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കി, കര്‍ഷകരുടെ നിരവധി ആവശ്യങ്ങള്‍ അംഗീകരിച്ചു. പക്ഷേ ഒന്നും നടപ്പാക്കിയിട്ടില്ല എന്നും സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) നേതാവ് ഹന്നന്‍ മൊല്ല പറഞ്ഞു. ഡിസംബർ എട്ടിന് കർഷകരുടെ യോഗം വിളിച്ചിട്ടുണ്ട്. ‘ജനങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങള്‍ മറ്റൊരു പ്രസ്ഥാനത്തിന് തുടക്കമിട്ടിരിക്കുന്നു. നാളെ ഞങ്ങള്‍ രാജ്യത്തുടനീളം റാലികള്‍ നടത്തും. ഇത്തവണ ഞങ്ങളുടെ പ്രസ്ഥാനം ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യം മുഴുവന്‍ മാര്‍ച്ച് നടത്തും. അതത് സംസ്ഥാനങ്ങളിലെ രാജ്ഭവനില്‍ നിന്ന് ഗവര്‍ണര്‍ക്ക് ഒരു മെമ്മോറാണ്ടം കൈമാറുക,’ മൊല്ല പറഞ്ഞു. എംഎസ്പി സംബന്ധിച്ച കമ്മിറ്റി രൂപീകരിച്ചത് ശരിയായില്ലെന്നും കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കള്ളക്കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും കര്‍ഷക സംഘടന അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍, കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സമിതിയെ രൂപികരിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പിലാക്കിയില്ല എന്നും അവര്‍ പറഞ്ഞു. ‘കര്‍ഷകരുടെ ആവശ്യം നിറവേറ്റാന്‍ യാതൊരു ഉദ്ദേശവും സര്‍ക്കാരിനുണ്ടായിരുന്നില്ല. കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ് താല്‍പര്യപ്പെടുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച’ നേതാവായ മൊല്ല വാര്‍ത്ത ഏജന്‍സിയായ പിടിഐ യോട് പറഞ്ഞു.