സ്വപ്‌നപരിഹാരത്തിനായി പാമ്പിനെ വെച്ചു പൂജ നടത്തിയ 54 വയസുകാരന്റെ നാവ് മുറിച്ചു മാറ്റി. ഈറോഡിലെ ഗോപിച്ചെട്ടിപ്പാളയം സ്വദേശിയ്ക്കാണ് സ്വന്തം നാവ് നഷ്ടമായത്. പൂജക്കിടെ രാജവെമ്പാല കൊത്തിയതിനെ തുടര്‍ന്നാണ് നാവ് മുറിച്ചു മാറ്റേണ്ടിവന്നത്.സ്ഥിരമായി പാമ്പ് കടിക്കുന്നത് സ്വപ്‌നം കാണാറുണ്ടായിരുന്ന ഇയാള്‍ പ്രശ്‌നപരിഹാരത്തിനായി ജ്യോത്സനെ സമീപിച്ചിരുന്നു. ജ്യോത്സ്യന്‍ ക്ഷേത്രത്തില്‍ പാമ്പിനെ വെച്ച് പൂജ നടത്താന്‍ നിര്‍ദേശിച്ചു. ക്ഷേത്രത്തിലെ പൂജാരിയാണ് സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്നത് രാജവെമ്പാലയാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. പൂജ നടത്തിയതിനു ശേഷം കൂടുതല്‍ ഫലസിദ്ധിക്കുവേണ്ടി പാമ്പിനു മുന്നില്‍ നാവ് നീട്ടിക്കാണിക്കാന്‍ പൂജാരി ആവശ്യപ്പെട്ടു. ഇതോടെ പാമ്പിന് മുന്നില്‍ നാവു നീട്ടിയ ഇയാളുടെ നാക്കില്‍ രാജവെമ്പാല ആഞ്ഞുകൊത്തുകയും ചെയ്തു. കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. ശേഷം നാവ് മുറിച്ചു മാറ്റുക മാത്രമാണ് ഏക പരിഹാരമെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു.