കൊച്ചി: പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണി ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ചോദ്യം ചെയ്ത് ആട് ആന്റണി സമര്‍പ്പിച്ച അപ്പീല്‍ ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എം.ആര്‍.അനിതയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് തള്ളി.
കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആട് ആന്റണി. കുപ്രസിദ്ധ ഗുണ്ടയും മോഷ്ടാവുമാണ്. കൊലപാതകം, മോഷണം ഉള്‍പ്പെടെ ഇരുന്നൂറില്‍പ്പരം കേസുകളില്‍ പ്രതിയായ ആട് ആന്റണിയെ പിടികിട്ടാപുള്ളിയായി കേരള പൊലീസ് പ്രഖ്യാപിച്ചിരുന്നു.
2012 ജൂണ്‍ 26നാണ് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറും ഡ്രെെവറുമായ മണിയന്‍പിള്ളയെ ആട് ആന്റണി കുത്തി പരുക്കേല്‍പ്പിച്ചത്. പാരിപ്പള്ളി ജവഹര്‍ ജങ്ഷനിലായിരുന്നു സംഭവം. സമീപത്തെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ മോഷണശ്രമത്തിനിടെ ആട് ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജീപ്പില്‍ കയറ്റുന്നതിനിടെ മണിയന്‍പിള്ളയെ ആന്റണി കുത്തി.
നൈറ്റ് പട്രോളിങ്ങിനിടെയാണ് ആട് ആന്റണിയെ പൊലീസ് പിടികൂടാന്‍ ശ്രമിച്ചത്. മോഷണം നടത്തിയ ശേഷം തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ഒമിനി വാനില്‍ രക്ഷപ്പെടുകയായിരുന്ന ആട് ആന്റണിയെ പാരിപ്പള്ളിക്ക് സമീപം എഎസ്‌ഐ ജോയിയും സംഘവും തടഞ്ഞ് നിര്‍ത്തുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ എഎസ്‌ഐ ജോയിയെയും പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെയും കമ്ബിപ്പാര ഉപയോഗിച്ചു ആന്റണി കുത്തി. കുത്തേറ്റ് സിപിഒ മണിയന്‍പിള്ള മരിച്ചു. എഎസ്‌ഐ ജോയി പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്.
കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ആന്റണിയെ കണ്ടെത്താന്‍ കേരളത്തിലും തമിഴ്‌നാട്ടിലും വലിയ തെരച്ചില്‍ നടത്തിയിരുന്നു. കൊലപാതകം കഴിഞ്ഞ് ഏതാണ്ട് മൂന്ന് വര്‍ഷത്തിനുശേഷം പാലക്കാട് ഗോപാലപുരത്ത് നിന്ന് 2015 ഒക്ടോബര്‍ 13 ന് രാവിലെ 7.30 നാണ് ഇയാളെ പോലീസ് പിടികൂടിയത്. വേഷം മാറി പല രൂപത്തിലാണ് ആന്റണി ഒളിച്ചുകഴിഞ്ഞിരുന്നത്. മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ പലയിടത്തായി വേഷവും പേരും മാറി ഇയാള്‍ ഒളിച്ചുതാമസിക്കുകയായിരുന്നു.
ആട് ആന്റണിയുടെ ഭാര്യയും മകനും ഗോപാലപുരത്തായിരുന്നു താമസിച്ചിരുന്നത്. മകനെ കാണാന്‍ ആന്റണി ഗോപാലപുരത്തെ വീട്ടില്‍ ഇടയ്‌ക്കെ എത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിടികൂടിയ ദിവസം ആട് ആന്റണി ഗോപാലപുരത്ത് എത്തുന്നുണ്ടെന്ന് അറിഞ്ഞ പൊലീസ് ആസൂത്രിത നീക്കത്തിലൂടെ ഇയാളെ പിടികൂടുകയായിരുന്നു.
ഒരു മോഷണത്തിലൂടെയാണ് ആന്റണിക്ക് ‘ആട് ആന്റണി’ എന്ന പേര് ലഭിക്കുന്നത്. കൊല്ലം ജില്ലയിലെ കുമ്ബളത്ത് നിന്നു ഒരു ആടിനെ മോഷ്ടിച്ച ശേഷം പിടിയിലായപ്പോള്‍ ആണ് ആന്റണിയുടെ പേരിനൊപ്പം ആട് എന്നുകൂടി ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങിയത്. പിന്നീട്, ഇയാള്‍ കേരളത്തിലെ കുപ്രസിദ്ധ കള്ളനായ ആട് ആന്റണിയായി.
മോഷണത്തിനൊപ്പം മറ്റൊരു കാര്യത്തിലും ആന്റണി കുപ്രസിദ്ധി നേടിയിരുന്നു. ആന്റണി ഇതുവരെ 21 വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്.