ആളൊഴിഞ്ഞ പറമ്പില്‍ അര്‍ദ്ധരാത്രി പൂജ നടത്തിയ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂര്‍ വരവൂര്‍ രാമന്‍കുളങ്ങരയിലാണ് സംഭവം. സ്ഥലമുടമയെയും മന്ത്രവാദിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂജയ്ക്കായി തയ്യാറാക്കിയ ഹോമകുണ്ഡത്തിന് സമീപത്ത് നിന്നും എയര്‍ഗണ്‍, കത്തി, വാള്‍, കോടാലി തുടങ്ങിയ ആയുധങ്ങളും മദ്യവും കണ്ടെത്തി. മുള്ളൂര്‍ക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ആളൊഴിഞ്ഞ പറമ്പില്‍ അര്‍ദ്ധരാത്രിയില്‍ വെളിച്ചം കണ്ടതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് നാട്ടുകാര്‍ പൂജ നടക്കുന്നതായി കണ്ടത്. സ്ഥലത്തിന്റെ ദോഷം തീര്‍ക്കാനാണ് പുജയെന്ന് സതീശന്‍ നാട്ടുകാരോട് പറഞ്ഞു. പൂജ നടക്കുന്നതിന് സമീപം ആയുധങ്ങള്‍ ഉള്‍പ്പടെ കണ്ടതോടെയാണ് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചത്. ലേലത്തില്‍ വാങ്ങിയ ഭൂമിയുടെ ദോഷം തീര്‍ക്കാനാണ് പൂജ നടത്തിയതെന്ന് സതീശന്‍ പൊലീസിനോടും ആവര്‍ത്തിച്ചു. മൊഴിയെടുത്ത ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എരുമപ്പെട്ടി പൊലീസ് അറിയിച്ചു. പൂജ തടസപ്പെടുത്തിയെന്ന് കാണിച്ച് സതീശനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.