ഖത്തറില്‍ ലോകകപ്പ് എത്തിയതോടെ കളി നേരില്‍ കാണാനും സംഘാടകരുടെ കൂട്ടത്തിലുമടക്കം നിരവധി മലയാളികളുടെ സാന്നിധ്യമാണുള്ളത്. ചില ടീമുകളുടെ സംഘത്തിലും മലയാളി സാന്നിധ്യമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ലോക ഫുട്‌ബോളിലെ കരുത്തരായ ബെല്‍ജിയം ടീമിന്റെ പരിശീലക സംഘത്തിലെ മലയാളി സാന്നിധ്യമാണ് അക്കൂട്ടത്തില്‍ പ്രധാനം.ബെല്‍ജിയം ടീമിന്റെ വെല്‍നസ് കോച്ചാണ് മലയാളിയായ വിനയ് മേനോന്‍. ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങിയ ബെല്‍ജിയം ഇന്നലെ കാനഡയെ പരാജയപ്പെടുത്തിയിരുന്നു. ടീമിന്റെ വിജയത്തിന് പിന്നാലെ വിനയ് മേനോന് ആശംസ അറിയിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. വിനയ് മേനോനും ബെല്‍ജിയം ടീമിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ്:ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ഭാഗമാകാന്‍ സാധിച്ച മലയാളിയായ വിനയ് മേനോന് ആശംസകള്‍. ബെല്‍ജിയം ടീമിന്റെ വെല്‍നസ് കോച്ചെന്ന ഉത്തരവാദിത്തമാണ് വിനയ് നിര്‍വഹിക്കുന്നത്. അദ്ദേഹത്തിന്റെ സന്തോഷത്തില്‍ അഭിമാനപൂര്‍വ്വം നമുക്കേവര്‍ക്കും പങ്കു ചേരാം. വിനയ് മേനോനും ബെല്‍ജിയം ടീമിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.