തലശ്ശേരിയില്‍ ലഹരി വില്‍പ്പന തടഞ്ഞ സിപിഐഎം പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഈ മാസം ഡിവൈഎഫ്‌ഐയുടെ ആഭ്യമുഖ്യത്തില്‍ നടത്തിയ ലഹരി വിരുദ്ധ പരിപാടിയില്‍ പാറായി ബാബു പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ലഹരിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ കൊളശേരിയിലെ മനുഷ്യച്ചങ്ങലയിലാണ് പാറായി ബാബു പങ്കെടുത്തത്. നെട്ടൂര്‍ സ്വദേശിയാണ് പാറായി ബാബു. ഇന്ന് രാവിലെയാണ് ഇയാളെ തലശേരി എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയില്‍ വെച്ച്് പിടികൂടിയത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനുമുന്‍പ് കൊലപാതകത്തില്‍ പങ്കുള്ള തലശേരി സ്വദേശികളായ ജാക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ലഹരി വില്‍പ്പന തടഞ്ഞതിനുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സിപിഐഎം പ്രവര്‍ത്തകനായ ഷമീര്‍, ഖാലിദ് എന്നിവരാണ് കുത്തേറ്റു മരിച്ചത്. ഷമീറിന്റെ മകനും ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകതത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.