ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് കളിക്കാന്‍ ബ്രിസ്ബേനിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ലഭിച്ചത് മോശം സൗകര്യങ്ങളെന്ന് റിപ്പോര്‍ട്ട്. കളി നടക്കുന്ന ഗാബയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള സോഫിറ്റെല്‍ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് ഇന്ത്യന്‍ താരങ്ങള്‍ കഴിയുന്നത്. എന്നാല്‍, ഇവിടെ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ വളരെ മോശമാണെന്നാണ് റിപ്പോര്‍ട്ട്.
“ഹോട്ടല്‍ നല്ലതാണെങ്കിലും ജയിലു പോലെയാണ്. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല. കിടക്ക സ്വയം ഒരുക്കണം. കക്കൂസ് സ്വയം വൃത്തിയാക്കണം. തൊട്ടടുത്തുള്ള ഇന്ത്യന്‍ റെസ്റ്റോറന്‍്റില്‍ ന്നിന്ന് ഭക്ഷണം എത്തിക്കും. പക്ഷേ, ഫ്ളോര്‍ വിട്ട് പുറത്തുപോവാന്‍ പാടില്ല. ഹോട്ടലില്‍ അതിഥികളൊന്നും ഇല്ല. എന്നാല്‍ സ്വിമ്മിങ് പൂളും ജിമ്മും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാനാവില്ല. ഹോട്ടലിലെ എല്ലാ റെസ്‌റ്റോറന്റുകളും, കഫേയും അടച്ചിട്ടിരിക്കുകയാണ്. പരുക്കില്‍ വലയുന്ന ഈ ടീമിന് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് സ്വിമ്മിങ് പൂളും ജിമ്മും ആണ്. ഹോട്ടലിലെ സൗകര്യങ്ങളെല്ലാം ഉപയോഗിക്കാമെന്നാണ് നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ അതില്‍ നിന്ന് വിപരീതമാണ് കാര്യങ്ങള്‍.”- ഇന്ത്യന്‍ ടീം അംഗത്തെ ഉദ്ധരിച്ച് ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നവംബറില്‍ ഇവിടെ എത്തി കഴിഞ്ഞ് 15-20 തവണ തങ്ങളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയെന്നും താരങ്ങള്‍ പറയുന്നു. മൂക്ക് ആകെ നാശമായിരിക്കുകയാണ്. ഇന്നലെയും അതിന് രണ്ട് ദിവസം മുന്‍പും ഒരാഴ്ച മുന്‍പും ടെസ്റ്റ് ചെയ്തിരുന്നു. ഇത് അസ്വസ്ഥപ്പെടുത്തുകയാണെന്നും ഇന്ത്യന്‍ ടീം വൃത്തങ്ങള്‍ പറയുന്നു.
സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെങ്കില്‍ ഉടന്‍ നാട്ടിലേക്ക് തിരികെ വരാന്‍ സൗകര്യമൊരുക്കണമെന്ന് ബിസിസിഐയോട് ടീം ആവശ്യപ്പെട്ടിട്ടുണ്ട്.