തലശേരി ഇരട്ട കൊലപാതകത്തിൽ 7 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 5 പേരാണ് കൃത്യത്തിൽ നേരിട്ടു പങ്കെടുത്തത്. 2 പേർ ഇവർക്കു വേണ്ടിയുള്ള സഹായങ്ങൾ ചെയ്തു കൊടുത്തു. നേരത്തെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ലഹരി വിൽപന ചോദ്യം ചെയ്തതാണോയെന്ന് പരിശോധിക്കുകയാണെന്നും കമ്മീഷണർ വ്യക്തമാക്കി. ( Thalassery Double Murder arrest ).

തലശേരി ഇരട്ട കൊലപാതകത്തിൽ മുഖ്യപ്രതി നെട്ടൂർ സ്വദേശി പാറായി ബാബു നേരത്തേ കസ്റ്റഡിയിലായിരുന്നു. തലശേരി എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനുമുൻപ് തലശേരി സ്വദേശികളായ ജാക്‌സൺ, ഫർഹാൻ, നവീൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ലഹരി വിൽപ്പന തടഞ്ഞതിനുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സിപിഐഎം പ്രവർത്തകനായ ഷമീർ, ഖാലിദ് എന്നിവരാണ് കുത്തേറ്റു മരിച്ചത്. ഷമീറിന്റെ മകനും ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകതത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.

തലശേരി സിറ്റി സെന്ററിന് അടുത്ത് വച്ചാണ് സംഭവമുണ്ടായത്. ഷമീറിന്റെ മകനെ ലഹരി മാഫിയ സംഘത്തിലെ ജാക്‌സൺ എന്നയാൾ മർദിച്ചിരുന്നു. പാറായി ബാബു, ജാക്‌സൺ എന്നിവരാണ് കൊലപാതക സംഘത്തിലുണ്ടായിരുന്നന്ന് ചികിത്സയിൽ കഴിയുന്ന ഷെനീബ് പൊലീസിന് മൊഴി നൽകിയിരുന്നു.