തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിന്റെ അടിയന്തര നിയമനത്തിന്റെ പ്രാധാന്യമെന്താണെന്ന് സുപ്രീംകോടതി. യോഗ്യതാടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ട നാല് പേരില്‍ നിന്നും ഒരാളിലേക്ക് എങ്ങനെയാണ് എത്തിയതെന്നും കോടതി ചോദിച്ചു. അരുണ്‍ ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ അറ്റോണി ജനറല്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ചു.എന്തിനായിരുന്നു തിടുക്കപ്പെട്ടുള്ള നിയമനമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. ഹര്‍ജി പരിഗണിച്ച ദിവസം തന്നെ പ്രധാനമന്ത്രി അരുണ്‍ ഗോയലിന്റെ പേര് നിര്‍ദേശിക്കുകയും നിയമനം നടത്തുകയും ചെയ്തു. മിന്നല്‍ വേഗത്തിലായിരുന്നു നിയമനം. എന്തിനായിരുന്നു ഈ അടിയന്തര പ്രാധാന്യമെന്ന് ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു.

വിരമിച്ച പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമന നടപടി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവൈയായിരുന്നു കോടതിയുടെ നിര്‍ദേശം. വിരമിച്ച ഉദ്യോഗസ്ഥരെയാണ് സാധാരണ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുക എന്നിരിക്കെ, അരുണ്‍ ഗോയലിനെ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ കേന്ദ്രം അനുമിതി നല്‍കുകയും തൊട്ടടുത്ത ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുകയുമായിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിരുന്നു. അതേസമയം ഒളിക്കാനൊന്നുമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. കോടതി ഇത്തരത്തില്‍ സംശയം ഉന്നയിക്കുന്നത് പ്രത്യാഘാതം ഉണ്ടാക്കില്ലേയെന്നും അഡ്വക്കേറ്റ് ജനറല്‍ ചോദിച്ചു. എന്നാല്‍ ചര്‍ച്ചയും സംവാദവുമാണ് കോടതിയില്‍ നടക്കുന്നതെന്ന് പറഞ്ഞ കോടതി, ഇത് കേന്ദ്രത്തിനെതിരാണെന്ന് കരുതേണ്ടെന്നും പറഞ്ഞു.