ത്തനംതിട്ട : മണ്ഡല മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. നാളെയാണ് മകര സംക്രമ പൂജയും മകരവിളക്ക് മഹോത്സവവും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ കര്‍ശന നിയന്ത്രങ്ങളോടെയാണ് ഇത്തവണ മകരവിളക്ക് മഹോത്സവം.നാളെ പുലര്‍ച്ചെ അഞ്ചിന് നടതുറക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കമാകും. വിശേഷാല്‍ മകര സംക്രമ പൂജയും നാളെയാണ്.

രാവിലേ 8.14 ന് ആണ് ഭക്തിനിര്‍ഭരമായ മകരസംക്രമപൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നും പ്രതിനിധിയുടെ കൈവശം കൊടുത്തു വിടുന്ന നെയ്യ് തേങ്ങയിലെ നെയ്യ് വിഗ്രഹത്തില്‍ അഭിഷേകം നടത്തി പൂജ ചെയ്യുന്നതാണ് മകരസംക്രമ പൂജ. പൂജ കഴിഞ്ഞ് തന്ത്രി കണ്ഠരര് രാജീവര് ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്യും. തുടര്‍ന്ന്, വൈകുന്നേരം അഞ്ചിന് നട തുറന്ന ശേഷം. 5.15 ന് ക്ഷേത്ര ശ്രീകോവിലില്‍ പൂജിച്ച മാലകളും അണിഞ്ഞ് ദേവസ്വം പ്രതിനിധികള്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വം സ്വീകരിക്കുന്നതിനായി ശരംകുത്തിയിലേക്ക് പോകും.

5.30ന് ശരംകുത്തിയില്‍ സ്വീകരണ ചടങ്ങുകള്‍ നടക്കും. 6.20ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തിരുവാഭരണ പേടകങ്ങള്‍ക്ക് പതിനെട്ടാം പടിക്ക് മുകളില്‍, കൊടിമരത്തിനു മുന്നിലായി ദേവസ്വം മന്ത്രിയും, മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് ആചാരപ്രകാരം സ്വീകരണം നല്‍കും. തുടര്‍ന്ന് സോപാനത്തിലെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീകോവിലിന് അകത്തേക്ക് ഏറ്റു വാങ്ങും. 6.30ന് മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധന .