മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യകുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍. നരഹത്യകുറ്റം നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അപ്പീല്‍ ഹൈക്കോടതി നാളെ പരിഗണിക്കും. കെഎം ബഷീറിനെ വാഹനമിടിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരെ ചുമത്തിയ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യകുറ്റം തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഒഴിവാക്കിയത്. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലായിരുന്നു കോടതി വിധി.

കീഴ്‌ക്കോടതിയുടെ ഈ വിധി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 304 വകുപ്പ് പ്രകാരമുള്ള മനപൂര്‍വ്വമല്ലാത്ത നരഹത്യകുറ്റം ചുമത്തുന്നതിനുള്ള തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈവശമുണ്ട്. ഇത് പരിഗണിക്കാതെയാണ് കീഴ്‌ക്കോടതിയുടെ വിധിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കീഴ്‌ക്കോടതിയുടെ നടപടി റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഹൈക്കോടിതി നാളെ പരിഗണിക്കും.മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ മാത്രമേ ശ്രീറാമിനെതിരെ നിലനില്‍ക്കുകയുള്ളു എന്നായിരുന്നു കീഴ്‌കോടതി നിരീക്ഷണം. രണ്ടാംപ്രതിയായ വഫ ഫിറോസിനെതിരേ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍ നിന്ന് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.