ഇടതുഭരണത്തിൽ കർഷകരുടെ ജീവിതം പൊലിഞ്ഞ് പോകുന്നെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കാർഷിക രംഗം അപകടരമായ നിലയിലാണ്. കർഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന നയം തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കർഷക കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.(k sudhakaran against government on farmers suicide)

തെറ്റുതിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ മാറ്റത്തിന്റെ കൊടുങ്കാറ്റുണ്ടാക്കി സർക്കാരിനെ താഴെ ഇറക്കാനുള്ള സമരമുഖത്ത് കർഷകരെയും തൊഴിലാളികളെയും യുവജനങ്ങളെയും അണിനിരത്തിയുള്ള പോരാട്ടം കോൺഗ്രസ് ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു. കേരള സർക്കാരിന്റെ തലതിരിഞ്ഞ കർഷക നയം കാരണം കർഷകർ ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയായി. കർഷക ആത്മഹത്യ ഇല്ലാതാക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്വകാര്യ ബാങ്കുകളിൽ നിന്നു പോലും ഉയർന്ന പലിശയ്ക്ക് കടമെടുത്ത് കൃഷി ചെയ്ത കർഷകന് അത് തിരിച്ചടയ്ക്കാൻ കഴിയാതെ നിരാശബാധിച്ച് ആത്മഹത്യ ചെയ്യുകയാണ്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രണ്ടു കർഷകരാണ് കോഴിക്കോടും പാലക്കാടുമായി ആത്മഹത്യ ചെയ്തത്. ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാരും ഇടതു സർക്കാരിന്റെ ദുർഭരണവുമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാർ തുടരുന്ന അവഗണ അവസാനിപ്പിക്കണം. കർഷക പെൻഷൻ വർധിപ്പിക്കണം.

സമസ്ത രംഗത്തും പരാജയപ്പെട്ട സർക്കാരാണിത്. ക്രമസമാധാനം പൂർണ്ണമായും തകർന്നു. ജനങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല. പൊലീസും ഗുണ്ടകളും തേർവാഴ്ച നടത്തുകയാണ്. ലഹരിമാഫിയ കേരളത്തിൽ പിടിമുറുക്കി. അതിന് കാരണം പോലീസ് സേനയിലെ ചിലരും ലഹരിമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടും അന്തർധാരയുമാണെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി.