മധുരൈ: പതിനാറുകാരിയെ വിവാഹം ചെയ്ത ഭിന്നശേഷിക്കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. മധുരൈ അലങ്കൊട്ടാരം സ്വദേശിയായ ജി.പ്രഭാകരന്‍ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഡിണ്ടിഗല്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ഇയാള്‍ വീട്ടുകാരറിയാതെ വിവാഹം ചെയ്തിരുന്നു.

തുടര്‍ന്ന് കുട്ടിയുമായി ശാരീരികമായി ബന്ധം പുലര്‍ത്തുകയും ചെയ്തു. ബാലവിവാഹ നിരോധന നിയമം, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആറും അറസ്റ്റും.

പൊലീസ് പറയുന്നതനുസരിച്ച്‌ അറസ്റ്റിലായ യുവാവും പെണ്‍കുട്ടിയും തമ്മില്‍ വിവാഹം നടത്താന്‍ വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇതിനിടെ അപകടത്തില്‍പ്പെട്ട് യുവാവിന് ഒരു കാല്‍ നഷ്ടമായതോടെ പെണ്‍വീട്ടുകാര്‍ വിവാഹവുമായി ബന്ധപ്പെട്ട് തുടര്‍ തീരുമാനങ്ങളെടുക്കാതെ പിന്മാറുകയായിരുന്നു. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്ബ് പ്രഭാകര്‍ പെണ്‍കുട്ടിയെയും കൂട്ടി ഒരു ക്ഷേത്രത്തിലെത്തി വിവാഹം ചെയ്യുകയായിരുന്നു. കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉപേക്ഷിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച്‌ വിവരം ലഭിച്ച ശോലവന്ദാന്‍ പൊലീസ് യുവാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടുകാര്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ശിശുക്ഷേമ വകുപ്പിന് കൈമാറി നിലവില്‍ അഭയ കേന്ദ്രത്തില്‍ ആക്കിയിരിക്കുകയാണ്.